ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ ബ്രിട്ടന്‍ മഞ്ഞ് പുതയ്ക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒക്ടോബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ തന്നെ മഞ്ഞുവീഴ്‌ച ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ പ്രക്രിയ ക്രിസ്തുമസ് വരെ നീണ്ടുപോകുമെന്നും പ്രവചിക്കുന്നു.
ബ്രിട്ടൻ്റെ വടക്കന്‍ മേഖലകളില്‍ അടുത്ത മാസം തന്നെ മഞ്ഞുവീഴ്‌ച ആരംഭിക്കുമെന്നാണ് ഡബ്ല്യു എക്‌സ് ചാര്‍ട്ട്‌സിൻ്റെ പ്രവചനം. മെറ്റ് ഡെസ്‌കിൻ്റെ കാലാവസ്ഥാ ഡാറ്റയെ അടിസ്ഥാനമാക്കി ഡബ്ല്യു എക്‌സ് ചാര്‍ട്ട്‌സ് പുറത്തുവിട്ട കാലാവസ്ഥാ ഭൂപടത്തിലാണ് ഈ മുന്നറിയിപ്പ്.
സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിനൊപ്പം കെയ്‌ങോംസ്, ഇന്‍വെര്‍നെസ്, ഫോര്‍ട്ട് വില്യം തുടങ്ങിയ സ്ഥലങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും ഒക്ടോബറില്‍ തന്നെ മഞ്ഞുവീഴ്‌ച ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള മെറ്റ് ഓഫീസിൻ്റെ കാലാവസ്ഥ പ്രവചനത്തില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്‌ച തെക്കന്‍ മേഖലയില്‍ ആരംഭിക്കുന്ന മഴ ക്രമേണ തെക്ക് കിഴക്ക് ഭാഗങ്ങളിലേക്ക് നീങ്ങും.
തൊട്ടടുത്ത ആഴ്‌ചയും കനത്ത മഴ പ്രതീക്ഷിക്കാമെന്നും ഒക്ടോബര്‍ ഏഴുമുതല്‍ സാധാരണ ശരത്ക്കാല കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥ പ്രവചന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരണ്ടതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥകള്‍ ഇടകലര്‍ന്ന് അനുഭവപ്പെടാനാണ് സാധ്യത.
കൂടുതല്‍ വൈകാതെ കടുത്ത ശൈത്യകാല കാലാവസ്ഥയെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തണുപ്പിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രധാനമായും ശൈത്യകാല വസ്ത്രങ്ങള്‍ വാങ്ങുന്നതിനാണ് അധിക ചെലവ് വരിക.
പഴയ സ്റ്റോക്കുകള്‍ വിറ്റു തീര്‍ക്കാനുള്ള തിരക്കില്‍ ചിലയിടങ്ങളില്‍ ശൈത്യകാല വസ്ത്രങ്ങള്‍ പകുതി വിലയ്ക്ക് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിൻ്റെര്‍ കോട്ട്, നിറ്റഡ് സ്വെറ്ററുകള്‍, ശൈത്യകാല പാദരക്ഷകള്‍ എന്നിവ എത്രയും വാങ്ങി സൂക്ഷിക്കുക. പിന്നീടുള്ള സമയത്ത് ഈ വസ്ത്രങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ട്.
വൂള്‍ ഓവേഴ്‌സ്, എറ്റ്‌സി യുകെ തുടങ്ങിയ ചില റീട്ടെയില്‍ ഷോപ്പുകള്‍ ഇതിനോടകം തന്നെ പ്രത്യേക കിഴിവുകളോടെ ശൈത്യകാല വസ്ത്രങ്ങളുടെ വില്പന ആരംഭിച്ചു. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, എഫ്.എ.ആര്‍.എ, ഓക്‌സ്‌ഫാം ഡാല്‍സ്റ്റണ്‍ തുടങ്ങിയ ചാരിറ്റി സ്ഥാപനങ്ങളും ലണ്ടനില്‍ ശൈത്യകാല വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുണ്ട്.