22 November 2024

സിനിമാ സംവിധായകന്റെ മനസ്സിലുള്ള വിഷ്വൽസ് അറിയാതെ പാട്ട് എഴുതാൻ ഒരിക്കലും സാധിക്കില്ല: ബികെ ഹരിനാരായണൻ

| അഭിമുഖം: ബികെ ഹരിനാരായണൻ/ ശ്യാം സോർബ

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ ഗാനരചയിതാവാണ് ബി കെ ഹരിനാരായണൻ . കാവ്യാത്മകവും അർത്ഥവത്തായതുമായ വരികൾക്ക് പേരുകേട്ട അദ്ദേഹത്തിന്റെ വരികൾ എന്നും നമ്മുടെ പ്ലേ ലിസ്റ്റുകൾ കയ്യടക്കാറുണ്ട്. ആഴത്തിലുള്ള വൈകാരിക അനുരണനവും സാംസ്കാരിക സമൃദ്ധിയും അദ്ദേഹത്തിന്റെ സൃഷ്ടിയുടെ സവിശേഷതയാണ്, ഇത് അദ്ദേഹത്തെ സംഗീത പ്രേമികൾക്കിടയിൽ പ്രിയപ്പെട്ട വ്യക്തിയാക്കി മാറ്റുന്നു.

നിരവധി പ്രമുഖ സംഗീത സംവിധായകരുമായി സഹകരിച്ച ബി കെ ഹരിനാരായണൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് നിരവധി പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ്. തന്റെ വരികളിൽ പരമ്പരാഗതവും സമകാലികവുമായ ഘടകങ്ങൾ സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടി. ബി കെ ഹരിനാരായണനുമായി അഭിമുഖം.

?: സിനിമാഗാനങ്ങൾ എഴുതുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ഈണത്തിന് അനുസരിച്ച് വരികളും വാക്കുകളും ചിട്ടപ്പെടുത്തുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം എന്താണ്?

ഹരിനാരായണൻ: ഈണത്തിന് അനുസരിച്ച് തന്നെയാണ് പാട്ടുകൾ എഴുതേണ്ടത്. മ്യൂസിക് ഡയറക്റ്ററുടെ നിർദ്ദേശങ്ങൾ മാനിക്കാതെ പാട്ട് എഴുതാൻ കഴിയാറില്ല. സിനിമാ സംവിധായകന്റെ മനസ്സിലുള്ള വിഷ്വൽസ് അറിയാതെ പാട്ട് എഴുതാൻ ഒരിക്കലും സാധിക്കില്ല.

പാട്ടെഴുത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇടക്കാലത്ത് പാട്ടിന് അനുസരിച്ച് ഈണം ചിട്ടപ്പെടുത്താറുണ്ടായിരുന്നു. പിന്നീട് സലീൽ ചൗദരിയുടെയും ഇളയരാജ സാറിന്റെയുമൊക്കെ കാലമെത്തിയപ്പോൾ ഈണത്തിന് അനുസരിച്ചുള്ള പാട്ടെഴുത്തിലേക്ക് കടന്നു. പിന്നീട് രണ്ടു രീതിയിലും എഴുത്ത് മാറി.

സമ്മിശ്രമായ പാട്ടെഴുത്തു രീതി ഉണ്ട്. ഇക്കാലത്ത് കൂടുതലും ഈണത്തിന് അനുസരിച്ച് തന്നെയാണ് പാട്ടുകൾ എഴുതുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഈണത്തിന് അനുസരിച്ച് എഴുതുന്നത് കൂടുതൽ ഗുണകരമാണ്. ഈണം കേൾക്കുമ്പോൾ ചില വാക്കുകൾ മനസ്സിലേക്ക് വരും. വരികൾ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ സാധിക്കും.

?: “നൂറ്റടപ്പൻ” ഏറെ വായിക്കപ്പെട്ട കവിതാസമാഹാരമാണ്. പുസ്തകത്തെക്കുറിച്ച് കവി പി. രാമൻ പറഞ്ഞത് പോലെ ഭാഷ, ശിൽപ്പബോധം എന്നിവ ഏറ്റവും തെളിമയോടെ നിറയുന്ന കവിതകൾ. ഒരേസമയം എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമാ ഗാനങ്ങളും, കവിതയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ശില്പഭദ്രതയുള്ള കവിതകളും. കവിയായും ഗാനരചയിതാവായും അറിയപ്പെടുമ്പോൾ ഏതിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുന്നത്?

ഹരിനാരായണൻ: ഗാനരചന ഒരു അപ്ലൈഡ് ആർട്ട് ആണ്. കവിതയെഴുത്ത് കലയാണ്. സംഗീതം ഒരു സംഘകലയാണ്‌. ഇവിടെ ഇടപെടുക എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നുന്നു. ഗാനരചനയിൽ സംവിധായകന്റെയും സംഗീത സംവിധായകന്റെയും നിർദേശങ്ങൾ നോക്കണം.

അവരുടെ താല്പര്യങ്ങൾ അറിയണം, വിഷ്വൽസ് ആദ്യം തന്നെ മനസ്സിലുണ്ടാകണം. ഗാനം എങ്ങനെ വേണമെന്ന ധാരണ തന്നെ സംവിധായകന് ഉണ്ടാവണം. അല്ലേ..? ഗാനം എഴുതുന്നത് ഞാനാണെങ്കിലും അത് ഒരുപാട് പേരോടൊപ്പം ചെയ്യുന്ന കലയാണ്. കവിത അങ്ങനെയല്ല. അത് തീർത്തും സ്വകാര്യമായ ധ്യാനമാണ്. രണ്ടും രണ്ടാണെന്ന് വ്യക്തമായ ബോധ്യവും ശ്രദ്ധയും ഉണ്ടാവണം എന്ന് മാത്രം.

?: കവിതയും പാട്ടും സ്വഭാവം കൊണ്ടും ഘടന കൊണ്ടും വ്യത്യസ്തമാണ്. കഥയും ലേഖനവുമെന്ന പോലെ. രണ്ടിലും സജീവമായി ഇടപെടുന്ന ആളെന്ന രീതിയിൽ എവിടെയെങ്കിലും ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ? കവിതയിൽ നിന്ന് പാട്ടിലേക്ക് കടക്കുമ്പോൾ അല്ലെങ്കിൽ പാട്ടിൽ നിന്ന് കവിതയിലേക്ക് കടക്കുമ്പോൾ?

ഹരിനാരായണൻ: കവിതയ്ക്കും പാട്ടിനും വേണ്ടത് രണ്ടു മനസ്സാണ്. മലയാളത്തിലെ ആദ്യ കാല ഗാനരചയിതാക്കളൊക്കെ മികച്ച കവികളായിരുന്നു. വയലാറും ഭാസ്കരൻ മാഷുമൊക്കെ കവിതയിലും പാട്ടിലും ഒരേപോലെ പ്രതിഭ തെളിയിച്ചവരാണ്. അതുകൊണ്ട് തന്നെ കവിതയും പാട്ടും പണ്ട് മുതൽക്കേ ചേർന്നു നിൽക്കുന്നുണ്ട്. പിന്നീട് റഫീഖ് അഹമ്മദും അൻവർ അലിയുമൊക്കെ അതേ പാത പിന്തുടർന്നു. പാട്ട് പാട്ടും കവിത കവിതയുമാണെന്നുള്ള കൃത്യമായ ധാരണ മാത്രമാണ് വേണ്ടത്.

കവിത, പാട്ട് എന്ന് പറയുന്ന ദ്വന്ദം ചേർത്തുവെക്കാൻ അതൊരു കരണമായിട്ടുണ്ടാകാം. അതിനപ്പുറം പാട്ടിൽ കവിതയുണ്ടാകും, കവിതയിൽ പാട്ടും ഉണ്ടാകാം, പക്ഷെ രണ്ടും രണ്ട് തന്നെയാണ്. ചെറുകഥയും നോവലും ഒക്കെ പോലെ തന്നെ രണ്ടിലും രണ്ട് ത്തരത്തിലുള്ള അപ്പ്രോച് ആണ് വേണ്ടത്. അതുകൊണ്ട് തന്നെ രണ്ടും രണ്ട് രീതിയിൽ തന്നെയാണ് കാണാറുള്ളതും, രണ്ടിലും രണ്ടു രീതിയിൽ ഉള്ള ശ്രദ്ധ തന്നെയാണ് ആവശ്യവും.

?: 2010 മുതൽ മലയാളസിനിമാരംഗത്ത് സജീവമാണ്. എഴുതിയ ഒട്ടുമിക്ക പാട്ടുകളും ഹിറ്റുകളാണ്. ഇന്നും മലയാളികൾ മുഴുവൻ ആഘോഷിക്കപ്പെടുന്ന, കേൾക്കാൻ ഇഷ്ട്ടപെടുന്ന പാട്ടുകളാണ്. അപ്പോഴും ചിലപ്പോഴെങ്കിലും പാട്ടുകളും പാടിയവരും ആഘോഷിക്കപ്പെടുന്നത് പോലെ, അറിയപ്പെടുന്നത് പോലെ പാട്ട് എഴുതിയ വ്യക്തി ആഘോഷിക്കപ്പെടുന്നില്ല എന്നൊരു യാഥാർഥ്യം ഇവിടെയുണ്ട്. ഇതെക്കുറിച്ചുള്ള അഭിപ്രായം?

ഹരിനാരായണൻ: പാട്ടെഴുത്തുകാരൻ എന്ന നിലയ്ക്ക് ആളുകൾ എന്നെ തിരിച്ചറിയാറുണ്ട്. ഞാൻ എഴുതിയ എല്ലാ പാട്ടുകളും ഹിറ്റ് ആണ് എന്ന് അഭിപ്രായമില്ല. എഴുതിയ പാട്ടുകളിൽ അപൂർവ്വം ചില ഹിറ്റുകൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഈ പറഞ്ഞത് പോലെ പാട്ടുകളും പാടിയ ആളുകളും സംഗീത സംവിധായകരും ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ ഗാനരചയിതാക്കൾ ആഘോഷിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ജനറൽ ആയി ഇല്ല എന്ന് തന്നെ ആണ് അതിനു ഉത്തരം പറയേണ്ടത് എന്ന് കരുതുന്നു. അതൊരിക്കലും സമൂഹത്തിന്റെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് എന്ന് കരുതുന്നില്ല.

ഒരു വേദിയിൽ ആ ഗാനം ആലപിക്കാനും, അത് വഴി ആൾക്കാർക്കിടയിൽ മുഖം പരിചിതമാക്കാനും ഗായകർക്ക് സാധിക്കും. പാട്ടെഴുത്തുകാർക്ക് അത് സാധിക്കില്ലല്ലോ. ഇപ്പോൾ ഒരു പാട്ടിന്റെ യൂട്യൂബ് വേർഷൻ എടുത്ത് നോക്കിയാൽ അതിന്റെ പ്രധാന ശീർഷകത്തിൽ പാട്ടിന്റെ പേര്, ഗായകരുടെ പേര്, സംവിധായകരുടെ പേര്, സംഗീത സംവിധായകരുടെ പേരൊക്കെ നമുക്ക് കാണാൻ സാധിക്കും. ചിലതിൽ സംഗീത സംവിധായകരുടെ പേര് ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. താരതമ്യേന വളരെ കുറവായാണ് ഗാനരചയിതാവിന്റെ പേര് അവിടെ വരുന്നത്. പലരും ഇൻസിസ്‌റ്റ് ചെയ്തിട്ട് അങ്ങനെ കൊടുക്കുന്നു എന്ന് മാത്രമേയുള്ളു.

ക്രെഡിറ്റുകൾ അടിയിലോട്ട് സ്ക്രോൾ ചെയ്യുമ്പോൾ മാത്രമാണ് അവിടെ ഗാനരചയിതാവിന്റെ പേര് വരുന്നത്. ഇതൊരിക്കലും ബോധപൂർവ്വം ചെയ്യുന്നതല്ല. സ്വാഭാവികമായും ഇത്ര അക്ഷരങ്ങൾ മാത്രമേ അവിടെ കൊടുക്കാൻ പറ്റൂ എന്നും സെർച്ച് ചെയ്യുമ്പോൾ എളുപ്പത്തിൽ കിട്ടാൻ സാധ്യത ഉള്ള പേരുകൾ കൊടുക്കണം എന്നുള്ളതുമൊക്കെ ഇതിലുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കണം ഇങ്ങനെ പേരുകൾ കൊടുക്കുന്നത്. പിന്നീട് അതൊരു രീതിയായി മാറുകയും ഗാനരചയിതാവിന്റെ പേരുകൾ താഴെ ക്രെഡിറ്റിൽ മാത്രം ആയി പോകുകയും ചെയ്യുന്നതാണ്.

വാർത്തയുടെ തലക്കെട്ട് മാത്രം വായിച്ചു മനസിലാക്കി പോകുന്ന തിരക്കിട്ട ഇന്നത്തെ ലോകത്ത് അതിനെപ്പറ്റി അറിയാൻ താല്പര്യപൂർവ്വം നോക്കുന്ന ആളുകൾ മാത്രമേ അവിടെ സ്വാഭാവികമായും ഗാനരചയിതാവിന്റെ പേരുകൾ ശ്രദ്ധിക്കുകയുള്ളു.

മറ്റൊരു വിഷയം, ഇന്ന് എഫ് എം കളിൽ പാട്ടുകൾ പ്ളേ ചെയ്യാൻ ഒരു മണിക്കൂർ എടുക്കുന്ന സമയത്ത് അതിന്റെ വിശദംശങ്ങൾ പറയാൻ അൽപ്പ സമയം എടുത്താൽ പോലും ഇതിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് തോന്നുന്നു. പണ്ടുകാലത്ത് ആകാശവാണിയൊക്കെ ചെയ്തത് പോലെ.

?: എഴുതിയ വരികൾക്ക് ജീവൻ പകർന്നവരൊക്കെ ഗംഭീര ഗായകരാണ്. എങ്കിലും വ്യക്തിപരമായി ആര് പാടിയതാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ…?

ഹരിനാരായണൻ: അങ്ങനെ വ്യക്തിപരമായി ആര് പാടണം എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. അതിന്റെ ആവശ്യം വരുന്നില്ല. എന്നെ സംബന്ധിച്ചു സംഗീത സംവിധായകരുടെ ഈണത്തിനനുസരിച്ചുള്ള വരികൾ നൽകുക എന്നത് മാത്രമാണ് എന്റെ കടമ. മറ്റുള്ളതെല്ലാം അവരുടെ ചോയ്സ് ആണ്.

?: ഏതൊരു എഴുത്തുകാരനും – അത് പാട്ടോ കഥയോ കവിതയോ തിരക്കഥയോ എന്തുമായിക്കോട്ടെ. ഒരു വരി, അല്ലെങ്കിൽ ഒരു വാക്ക്, സ്വന്തം ജീവിതത്തിൽ നിന്നും അനുഭവത്തിൽ നിന്നും എടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എഴുതിയ വരികളിൽ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നു എന്ന് തോന്നിയത് വല്ലതുമുണ്ടോ…?

ഹരിനാരായണൻ: നമ്മുടെ ആത്മാംശം സ്വാഭാവികമായും എഴുതുന്ന വരികളിൽ ഉണ്ടാകും. അത് പൂർണ്ണമായിട്ട് ഇതാണ് എന്ന് പറയാൻ പറ്റില്ല. സംവിധായകർ കഥകൾ പറയുമ്പോൾ ഞാൻ എല്ലായ്പ്പോഴും അതിനോട് ചേർന്ന് നിൽക്കാനുള്ള ശ്രമം നടത്താറുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഒരു സ്വതന്ത്ര സൃഷ്ട്ടി അല്ലല്ലോ പാട്ട്. പിന്നെ ആത്മാംശം കൂടുതലായി വരുന്നതിലും ഉണ്ട് പ്രശ്നങ്ങൾ, കാരണം അത്തരം വരികൾ നമുക്ക് എത്ര തവണ തുടരാൻ സാധിക്കും? ഞാൻ കഥയുമായി ചേർന്ന് നിൽക്കാൻ ആണ് പരമാവധി ശ്രദ്ധിക്കാറുള്ളത്.

ഞാൻ സംവിധായകന്റെ ഒരു ടൂൾ ആണെന്നാണ് എപ്പോഴും വിശ്വസിക്കുന്നത്. സംവിധായകൻ സ്വാഭാവികമായും സിനിമ എന്ന കപ്പലിന്റെ കപ്പിത്താനാണ്. എന്റെ ജീവിതവുമായി ചേർന്ന് നിൽക്കുക എന്നതിനപ്പുറത്തേക്ക് കഥാപാത്രത്തിന്റെ ജീവിതവുമായി ചേർത്ത് നിർത്താൻ ആണ് ഞാൻ ശ്രമിക്കാറുള്ളത്. അതാണ് അതിന്റ അടിസ്ഥാനപരമായിട്ടുള്ള ധർമ്മം എന്ന് വിശ്വസിക്കുന്നു.

?: വരികൾ എഴുതി സ്വയം പാടിനോക്കാറുണ്ടായിരിക്കുമല്ലോ. സ്വയം പാടുമ്പോഴും മറ്റുള്ളവർ പാടുമ്പോഴും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നുണ്ടോ?

ഹരിനാരായണൻ: ഞാൻ ഒരിക്കലും പാടുന്ന ഒരാളല്ല. ആ ഈണത്തിനനുസരിച്ച്, ആ മീറ്ററിനും അനുസരിച്ച് എഴുതുക എന്നതും, അതിൽ സംഗീത സംവിധായകന് ആവശ്യമായ തിരുത്തലുകൾ ഉണ്ടെങ്കിൽ അത് ചെയ്യുക എന്നതും മാത്രമാണ് എന്റെ തൊഴിൽ. ഞാൻ ഒരിക്കലും ഒരു പാട്ടുകാരൻ അല്ലാത്തതു കൊണ്ട് തന്നെ മറ്റുള്ളവർ പാടുന്നത് കേൾക്കാനാണ് എനിക്കിഷ്ട്ടവും സന്തോഷവും.

?: എഴുതുന്ന സമയത്ത് കാണുന്ന ചില വിഷ്വൽസ് ഉണ്ടാവുമല്ലോ…? ഗാനരംഗത്തു വരുന്ന വിഷ്വൽസും മനസ്സിൽ വരുന്ന വിഷ്വൽസും രണ്ടായിരിക്കുമ്പോഴുള്ള അനുഭവം…? ഏത് ഗാനത്തിന്റെ വിഷ്വൽസ് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്…?

ഹരിനാരായണൻ: പാട്ട് ഒരു സ്വതന്ത്ര കല അല്ല. സ്വാഭാവികമായും ആ വിഷ്വൽ എന്തായിരിക്കും എന്ന് ചിലപ്പോൾ സംവിധായകൻ മുൻകൂട്ടി പറയും. അതുകൊണ്ട് തന്നെ അത്തരം ഒരു വിഷ്വൽ ഉണ്ടെങ്കിൽ അതിനോടും ഈണം ഉണ്ടെങ്കിൽ അതിനോടും നീതി പുലർത്തുക എന്നു മാത്രമേ ഞാൻ ചിന്തിക്കാറുള്ളു.

?: പാട്ടുകൾ ചിത്രീകരണത്തോടെ കാണുമ്പോഴും, പാട്ട് മാത്രമായി വിഷ്വൽ ഇല്ലാതെ കേൾക്കുമ്പോഴും രണ്ടു തരം ആസ്വാദനമാണ് . പാട്ടു മാത്രമായി കേൾക്കുമ്പോഴാണ് വരികളിലും അതിന്റെ അർത്ഥങ്ങളിലും നമ്മൾ വല്ലാതെ ശ്രദ്ധിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പാട്ട് മാത്രമായി കേൾക്കുമ്പോഴാണ് അതെഴുതിയ ആളിലേക്കും ആസ്വാദകർ ചെന്നെത്തുന്നത്. ഈയൊരു കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം?

ഹരിനാരായണൻ: ആ പാട്ട് കേട്ടോ എന്നല്ല, ആ പാട്ട് കണ്ടോ എന്ന് ചോദിക്കുന്ന ഒരു കാലമാണ് ഇത്.റീലുകളും മറ്റും ഒക്കെ എടുക്കുന്ന കാലത്ത് കാഴ്ച തന്നെയാണ് പ്രധാനമായി നിലനിൽക്കുന്നത്. എന്നാൽ സ്പോട്ടിഫൈ പോലെയുള്ള ആപ്പുകളിൽ പാട്ടുകൾ മാത്രമായി കേൾക്കുന്നവരും ഉണ്ടാകും. ഈ രണ്ടുകൂട്ടർക്കും ഒരുപോലെ ആസ്വാദ്യകരമാക്കുക എന്നത് തന്നെയാണ് നമ്മുടെ വെല്ലുവിളി. കാരണം ഇതൊരു ജനപ്രിയ കലാരൂപമാണ്. അതുകൊണ്ട് തന്നെ ദൃശ്യപരതയുണ്ട്.

?: കവിതയിൽ ഒരുപക്ഷേ മറ്റുള്ളവരുടെ നിർദ്ദേശപ്രകാരം എഡിറ്റിംഗ് ആവശ്യമുണ്ടാകില്ല. അത് തീർത്തും എഴുതുന്ന ആളുടെ സ്വാതന്ത്ര്യം ആണല്ലോ… എന്നാൽ പാട്ടെഴുത്ത് അങ്ങനെയാണോ? ഇഷ്ട്ടപ്പെട്ട് എഴുതിയ വരികൾ ഒരുപക്ഷേ മാറ്റേണ്ടി വന്നിട്ടുണ്ടാവില്ലേ…?

ഹരിനാരായണൻ: തീർച്ചയായിട്ടും ഇഷ്ട്ടപ്പെട്ട വരികൾ, അല്ലെങ്കിൽ ഇഷ്ട്ടപ്പെട്ടു എഴുതിയ വരികൾ പലപ്പോഴായി മാറ്റേണ്ടി വരും, ഒരുപാട് ഓപ്‌ഷനുകൾ എഴുതി നൽകേണ്ടതായി വരും. ആ ഇടപഴകൽ സ്വാഭാവികമായും ഉണ്ടാകും. അവിടെ നമ്മുടെ ഇഷ്ടത്തിന് പ്രസക്തി ഇല്ല എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ പാട്ടുണ്ടാക്കൽ എന്നത് ഒരു സംഘകല തന്നെയാണ്. അതുകൊണ്ട് തന്നെ തിരുത്തലുകൾ ഒക്കെയും ഇതിന്റെ ഭാഗമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

?: കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയിതാക്കളുടെ, അല്ലെങ്കിൽ പ്രണയം കാത്തുസൂക്ഷിക്കുന്ന ആരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന വരികളിൽ കൂടുതലും താങ്കളുടേതാണ്. പ്രണയത്തെ എങ്ങനെ ഇത്രമേൽ മനോഹരമായി എഴുതാൻ സാധിക്കുന്നു?

ഹരിനാരായണൻ: പ്രണയം ഭൂമിയിൽ എന്നും നിലനിൽക്കുന്നുണ്ടല്ലോ. നമ്മൾ എല്ലാവരും ഒരുതവണ എങ്കിലും പ്രണയിച്ച ആളുകളാണ്. പ്രണയം ഏത് കാലത്തും, അത് സിനിമയിൽ ആയാലും എഴുത്തുകളിൽ ആയാലും തുടർന്നു പോകുന്നുണ്ട്. പിന്നെ സിനിമയിൽ എഴുതുന്ന സമയത്ത് നമ്മൾ ഒരു പ്രണയഗാനം എഴുതി അത് ഹിറ്റ് ആകുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ വീണ്ടും അത്തരം ഗാനങ്ങൾ എഴുതേണ്ടി വരും, അതിനായി നമ്മളെ വീണ്ടും വിളിക്കും.

സിനിമയിൽ ചില റോളുകൾ മനോഹരമായി ചെയ്യുന്ന ആളുകളെ അത്തരം വേഷങ്ങളിലേക്ക് വീണ്ടും വിളിക്കുന്നത് പോലെ തന്നെയാണ്. അത്തരത്തിൽ എനിക്കും ഒരുപാട് പ്രണയഗാനങ്ങൾ എഴുതേണ്ടി വന്നിട്ടുണ്ട്. ആ പാട്ടിനെ എങ്ങനെ നമുക്ക് നന്നാക്കിയെടുക്കാം എന്നുള്ള ചിന്തയാണ് അവിടെ പ്രവർത്തിക്കുന്നത്. അതിനുവേണ്ടി നിരന്തരം പാട്ടുകൾ കേൾക്കുകയും, കവിതകൾ വായിക്കേണ്ടി വരികയും ഒക്കെ ചെയ്യാറുണ്ട്. നമ്മുടെ ഭാഷയിൽ മനോഹരമായ അനേകം പ്രണയകാവ്യങ്ങൾ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ ഞാനൊക്കെ വളരെ തുച്ഛമായ കാര്യമാണ് ചെയ്യുന്നത് എന്നാണ് തോന്നുന്നത്.

?: പാട്ടെഴുത്ത്, കവിത, ലേഖനം കൂടാതെ അഭിനയവും സംവിധാനവും ഫുട്ബോൾ പ്രേമവും ഒക്കെ ഉണ്ടല്ലോ. അഭിനയം, സംവിധാനം ഒക്കെ ഇനിയും പ്രതീക്ഷിക്കാമോ…? അതുപോലെ ഫുട്ബോളിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയാമോ…?

ഹരിനാരായണൻ: സംവിധാനം എന്നൊന്നും പറയാൻ പറ്റില്ല. ഇള എന്നൊരു ആൽബം. പിന്നെ അഭിനയിച്ചത് ചാരുലതയിൽ ആണ്. അത് അതിന്റെ സംവിധായക ശ്രുതിയും സംഗീത സംവിധായകനുമൊക്കെ വിളിച്ചപ്പോൾ ചെയ്തു എന്ന് മാത്രം. എന്നാലും അഭിനയിക്കാൻ ആരെങ്കിലും വിളിച്ചാൽ പോകാൻ മടിയൊന്നുമില്ല. പക്ഷെ അത് അത്ര കോൺഫിഡൻസ് ഉള്ള ഒന്നല്ല എന്നതാണ് ശരി. ഫുട്‍ബോളും ക്രിക്കറ്റും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കളിക്കുകയും കളി കാണുന്നതും ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളാണ്.

?: മുൻപ് പലയിടത്തും നാടിനോടും വീടിനോടുമുള്ള അടുപ്പത്തേക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്രയും തിരക്കുള്ള ആളായിട്ടും കൊച്ചിയിലേക്കും മറ്റും താമസം മാറാതെ നാട്ടിൽ തന്നെ താമസിക്കുന്നു. നാടും വീടും ലളിതജീവിതവും തന്നെയാണോ കൂടുതൽ സന്തോഷം തരുന്നത്?

ഹരിനാരായണൻ: അങ്ങനെ ലളിതജീവിതം ആണോ എന്നൊന്നും അറിയില്ല. ഈ ഹോം സിക്ക്നെസ്സ് എന്നൊക്കെ പറയുന്ന പോലെ ഒന്ന് എന്നെ സംബന്ധിച്ചുണ്ട് എന്ന് തോന്നുന്നു. വീട്ടിൽ നിന്നും ഒരുപാട് സമയത്തേക്ക് മാറി നില്ക്കാൻ ഇന്നും എനിക്കും പറ്റാറില്ല. പത്തോ പതിനഞ്ചോ ദിവസം ഒക്കെയാണ് പരമാവധി മാറി നിന്നിട്ടുള്ളത്. ഒരു മാസം ഒന്നും ഇതുവരെ ഞാൻ അങ്ങനെ മാറി നിന്നിട്ടില്ല. അത് ശരിക്കും പറഞ്ഞാൽ എന്റെ ഒരു പ്രശ്നമാണ്, അല്ലാതെ ലളിത ജീവിതം നയിക്കണം എന്ന് കരുതിയിട്ടൊന്നുമല്ല. അത് എന്റെ ഒരു പരാധീനതയോ ബലഹീനതയോ ഒക്കെ ആണ്. എന്നെ സംബന്ധിച്ച് ചുറ്റുപാടുകൾ എനിക്ക് പ്രധാനവുമാണ്. അതുകൊണ്ട് ഞാൻ എന്റെ നാട്ടിൽ തന്നെ നിൽക്കുന്നു എന്ന് മാത്രം.

?: അവസാനമായി എഴുതിയ വരികളിൽ ഏറ്റവും ഇഷ്ടമുള്ള ചിലത് – കവിതയായാലും പാട്ടായാലും – പറയാമോ…?

ഹരിനാരായണൻ: അങ്ങനെ പറയാൻ പറ്റുമോ എന്നറിയില്ല. എന്നാലും എനിക്ക് കാടകലം എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ “കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ” എന്ന ഗാനം വളരെ ഇഷ്ട്ടപ്പെട്ടതാണ്. അതുപോലെ “നീ ഹിമമഴയായി എന്ന ഗാനത്തിലെ കെടാതെരിയണേ നമ്മളിൽ നമ്മൾ എന്നെന്നും” അതുപോലെ “തുള്ളിയാം നുണ ഉള്ളിൽ വന്ന നീയാം കടല്” പിന്നെ ജോസഫിലെ കണ്ണെത്താ ദൂരം എന്ന ഗാനത്തിലെ വരികൾ, അതുപോലെ ബിജിയേട്ടന് വേണ്ടി രക്ഷാധികാരി ബൈജുവിൽ എഴുതിയ “വെള്ളില പൂവിലെ..” എന്ന വരികൾ ഒക്കെ ഇഷ്ട്ടമാണ്, അങ്ങനെ ചില വരികൾ ഉണ്ട്.

പിന്നെ കവിതകളിൽ അനുരാഗ നദിയിൽ പല കവിതകളും ഒരുപാട് ഇഷ്ടമുള്ളതാണ് ഇന്നും. ഉദാഹരണത്തിന് “ഒരുമണി കല്ല് വീണതിന്നോർമ്മയിൽ, ജലം ഒരായിരം വട്ടം വരച്ചപോൽ നിമിഷമാത്രമായി നീ തന്ന കാഴ്ചതൻ നിറവിലെന്നെ വരച്ചു തീർക്കട്ടെ ഞാൻ…” ഇതൊക്കെ എന്റെ ഉള്ളിൽ എവിടെയൊക്കെയോ ഒരുപാട് ഇഷ്ടമുള്ളതാണ്.

Share

More Stories

‘മതവുമായി ബന്ധമില്ല’; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും’: മുഖ്യമന്ത്രി എൻ ബിരേൻ സിങ്

0
മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. മണിപ്പൂർ സംഘർഷം തുടങ്ങിയതിനുശേഷം...

റഷ്യ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ചതായി ഉക്രൈൻ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്താണ്?

0
ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) തങ്ങളുടെ പ്രദേശത്തേക്ക് റഷ്യ തൊടുത്തുവെന്ന് ഉക്രെയ്ൻ സൈന്യം ആരോപിച്ചു. ഇത് 1,000 ദിവസം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ മറ്റൊരു സുപ്രധാന സംഭവമായി അടയാളപ്പെടുത്തുന്നു. കൈവിൻ്റെ ആരോപണം ഉണ്ടായിരുന്നിട്ടും റഷ്യ...

ബ്ലഡ് ഷുഗർ പരിശോധനകൾ അത്യാവശ്യമാണ്; ഗ്ലൂക്കോസ് ഉയരാൻ കാരണമെന്ത്?

0
രക്തത്തിലെ പഞ്ചസാര അല്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് രക്തപ്രവാഹത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു. ഈ പഞ്ചസാര കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് വരുന്നത്. അത് ശരീരത്തിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ്. സാധാരണ രക്തത്തിലെ പഞ്ചസാരയുടെ...

വനത്തിൽ ഇരുപത് ശബരിമല തീർത്ഥാടകർ കുടുങ്ങി; സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥത

0
ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങിയതോടെ രക്ഷാപ്രവർത്തനം. പുല്ലുമേട് വഴി എത്തിയ ഇരുപത് തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് സ്വാമിമാർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്ത് നിന്ന് രണ്ട് കിലോ...

ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുമായി ചരിത്ര കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

0
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ (ISRO). ഗഗന്‍യാന്‍ ദൗത്യത്തില്‍ ഇന്ത്യ അയക്കുന്ന പേടകത്തെയും അതിലെ ബഹിരാകാശ സഞ്ചാരികളെയും...

‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്; സിനിമയിൽ തൻ്റെ ഫോൺ നമ്പർ ഉപയോഗിച്ച ശേഷം കോളുകളുടെ ശല്യം, 1.1 കോടി...

0
'അമരൻ' 300 കോടി ക്ലബിൽ ഇടം നേടി മുന്നോട്ടു കുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജൻ്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്‌തത്. ശിവകാർത്തികേയനും സായി പല്ലവിയും...

Featured

More News