റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. തകർന്ന അസ്ഥിക്കഷണങ്ങളിൽ നിന്ന് പുരാതന ഡിഎൻഎ വേർതിരിച്ചെടുത്താണ് ശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ നടത്തിയത്.
ഗവേഷണത്തിനായി 20 അസ്ഥിക്കഷണങ്ങളാണ് പരിശോധിച്ചത്. ഇതിൽ 14 എണ്ണം ഡെനിസോവ ഗുഹയിൽ നിന്നും ആറെണ്ണം സമീപപ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചത്. ജനിതക വിശകലനത്തിൽ, ആധുനിക യാക്കുകളുടെ പൂർവികരിൽ നിന്ന് ഏകദേശം നാല് ലക്ഷം വർഷം മുൻപ് വേർപിരിഞ്ഞ വ്യത്യസ്ത കന്നുകാലിവർഗമാണ് ഇതെന്ന് കണ്ടെത്തി.
താൽക്കാലികമായി ‘യാക് എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ജീവിക്ക് പൂർണമായ ശരീരാവശിഷ്ടങ്ങൾ ലഭ്യമല്ലാത്തതിനാൽ ഔദ്യോഗിക ശാസ്ത്രീയ നാമം നൽകിയിട്ടില്ല. പുരാതന ജീവികളുടെ പരിണാമ ചരിത്രവും യാക്കുകളുടെ ഉത്ഭവവും മനസ്സിലാക്കാൻ ഈ കണ്ടെത്തൽ പുതിയ വഴികൾ തുറക്കുമെന്നാണ് വിലയിരുത്തൽ.



