അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ മാധ്യമങ്ങളെയും തിരഞ്ഞെടുപ്പ് വിശകലന പ്ലാറ്റ്ഫോമുകളെയും തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. ‘വെഡ്ജ്വുഡ് പോൾസ്’ (Wedgewood Polls) എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം പുറത്തുവിട്ട സർവേകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് സമ്മതിച്ചതോടെയാണ് സംഭവം വിവാദമായത്.
ജൂണിൽ രംഗത്തെത്തിയ വെഡ്ജ്വുഡ് പോൾസിന്റെ സർവേകൾ ന്യൂസ്വീക്ക്, ദ ഡെയിലി ബീസ്റ്റ്, ദ ഹിൽ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വാർത്തകൾക്ക് ആധാരമായി. ന്യൂയോർക്ക് ടൈംസ്, തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ നേറ്റ് സിൽവർ എന്നിവരുമായി ബന്ധപ്പെട്ട പോളിങ് ഡാറ്റാബേസുകളിലും സ്ഥാപനത്തിന്റെ സർവേകൾ ഇടംപിടിച്ചു.
എന്നാൽ, തിരഞ്ഞെടുപ്പ് വിശകലന വെബ്സൈറ്റായ ഫിഫ്റ്റിപ്ലസ്വണ്ണിലെ ഗവേഷകർ നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച സ്ഥാപനം തട്ടിപ്പ് സമ്മതിക്കുകയായിരുന്നു. വ്യാജ പോളിങ് സ്ഥാപനം എത്ര എളുപ്പത്തിൽ പൊതുശ്രദ്ധയും മാധ്യമങ്ങളുടെ അംഗീകാരവും നേടുമെന്നു പരിശോധിക്കുന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് സർവേകൾ സൃഷ്ടിച്ചതെന്ന് സ്ഥാപനം പ്രസ്താവനയിൽ വ്യക്തമാക്കി.
ചരിത്രപരമായ പ്രവർത്തനങ്ങളോ ഔദ്യോഗിക യോഗ്യതകളോ വിശ്വസനീയമായ ഡാറ്റയോ ഇല്ലാതിരുന്നിട്ടും നിരവധി പ്രമുഖ പോളിങ് സമാഹരണ പ്ലാറ്റ്ഫോമുകളിൽ ഇടംനേടാനും മുഖ്യധാരാ മാധ്യമങ്ങളിൽ വിശ്വസനീയമായ വിവരസ്രോതസ്സായി പരിഗണിക്കപ്പെടാനും കഴിഞ്ഞതായി വെഡ്ജ്വുഡ് അവകാശപ്പെട്ടു. എംഎസ് നൗ (MS NOW) പോലുള്ള മാധ്യമങ്ങളിൽ പോലും സർവേകൾ ഉദ്ധരിക്കപ്പെട്ടതായും സ്ഥാപനം ചൂണ്ടിക്കാട്ടി.
അതേസമയം, പരീക്ഷണത്തിനിടെ സ്വന്തം ആഭ്യന്തര താരതമ്യത്തിനും കൗതുകത്തിനുമായി നെബ്രാസ്കയിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു യഥാർഥ സർവേ നടത്തിയിരുന്നുവെന്നും സ്ഥാപനം വെളിപ്പെടുത്തി.
സർവേകൾ പിൻവലിച്ച് മാധ്യമങ്ങളും ഡാറ്റാബേസുകളും
വ്യാജവിവരം പുറത്തുവന്നതോടെ മാധ്യമങ്ങളും തിരഞ്ഞെടുപ്പ് നിരീക്ഷണ പ്ലാറ്റ്ഫോമുകളും തിരുത്തൽ നടപടികൾ സ്വീകരിച്ചു. ന്യൂയോർക്ക് ടൈംസ് വെഡ്ജ്വുഡിന്റെ 15 സർവേകൾ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് നിരീക്ഷണ പ്ലാറ്റ്ഫോമായ ഡിസിഷൻ ഡെസ്ക് എച്ച്ക്യു 17 സർവേകൾ ഒഴിവാക്കി. ന്യൂസ്വീക്ക് മൂന്ന് ലേഖനങ്ങൾ പിൻവലിക്കുകയും മറ്റു ചില വാർത്തകളിൽ തിരുത്തൽ വരുത്തുകയും ചെയ്തു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ടെക്സസ്, ഒഹായോ, കൻസാസ് എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികൾ മുന്നിലാണെന്ന തരത്തിലുള്ള ഫലങ്ങളാണ് വ്യാജ സർവേകൾ പുറത്തുവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡെമോക്രാറ്റുകൾക്ക് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്ന രീതിയിലുള്ള വാർത്തകളും പ്രചാരണങ്ങളും ശക്തിപ്പെട്ടു.
മിസിസിപ്പിയിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രചാരണസംഘവും വ്യാജ സർവേയിലെ ഫലം ഉദ്ധരിച്ച് തങ്ങൾക്ക് വലിയ മുന്നേറ്റമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. അതേസമയം, മിഷിഗൺ സംസ്ഥാന സെനറ്റർ മല്ലറി മക്മോറോയുടെ പിന്തുണ കുത്തനെ ഇടിയുന്നതായി കാണിച്ച വ്യാജ സർവേ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കുകയും സന്നദ്ധപ്രവർത്തകരുടെ ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്തതായി അവർ പറഞ്ഞു. പിന്നീട് ജൂലൈയിൽ ഡെമോക്രാറ്റിക് സെനറ്റ് പ്രാഥമിക തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം
വെഡ്ജ്വുഡിന്റെ വിശ്വാസ്യതയെക്കുറിച്ച് മാസങ്ങളായി സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും സർവേകൾ വാർത്തകളിലും ഡാറ്റാബേസുകളിലും തുടർന്നും ഇടംപിടിച്ചു. സ്ഥാപനം ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട സർവേ പ്ലാറ്റ്ഫോമിലെ രേഖകൾ പരിശോധിക്കുകയും ഡാറ്റയിലെ പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്താണ് ഫിഫ്റ്റിപ്ലസ്വൺ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെയാണ് സംഭവം പുറത്തുവരുന്നത്. കോൺഗ്രസിന്റെ ഇരുസഭകളിലുമുള്ള നേരിയ ഭൂരിപക്ഷം നിലനിർത്താനാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമം. ജീവിതച്ചെലവിലെ വർധനയും ഇറാനെതിരായ യുഎസ്–ഇസ്രായേൽ യുദ്ധവും സംബന്ധിച്ച ജനങ്ങളുടെ അതൃപ്തിക്കിടയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന അഭിപ്രായ സർവേകളുടെ വിശ്വാസ്യത, അവയുടെ ഉറവിടങ്ങൾ പരിശോധിക്കുന്നതിലെ മാധ്യമങ്ങളുടെ ഉത്തരവാദിത്തം, വ്യാജ കണക്കുകൾ രാഷ്ട്രീയ പ്രചാരണത്തെ എങ്ങനെ സ്വാധീനിക്കാം തുടങ്ങിയ വിഷയങ്ങളാണ് വെഡ്ജ്വുഡ് വിവാദത്തോടെ വീണ്ടും ചർച്ചയാകുന്നത്.



