...
Home News Kerala സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാണിക്കുന്ന സാഹസികതകളെ സർക്കാർ ചെലവിൽ പ്രോത്സാഹിപ്പിക്കരുത്

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാണിക്കുന്ന സാഹസികതകളെ സർക്കാർ ചെലവിൽ പ്രോത്സാഹിപ്പിക്കരുത്

അപകടമലകളിലേക്ക് ചാടിക്കയറുന്ന ചെറുപ്പക്കാരുടെ ജീവന് സർക്കാർ ഉത്തരം പറയേണ്ടിവരും. കർശനമായ താക്കീതുകളും സർക്കാർ ഉത്തരവുകളുമാണ് ഉണ്ടാകേണ്ടത്.

582

| എസ് ശാരദക്കുട്ടി

ബാബു വീണ്ടും നിയമവിരുദ്ധ സാഹസികത കാണിക്കുമെന്ന് ഉറപ്പു തന്നിട്ടുണ്ട് . ബാബു കയറിപ്പോയ നിരോധിത മേഖലകളിലൂടെ ഇന്നലെ വീണ്ടും ആളുകൾ കയറിയത്രേ. വാവാ സുരേഷ് ഇനിയും സുരക്ഷാ നിയമങ്ങളോ വന്യജീവി നിയമങ്ങളോ പാലിക്കാതെ പാമ്പിനെ പിടിക്കുമെന്നും ഉറപ്പിച്ചിട്ടുണ്ട്.

ഇവർക്ക് കിട്ടിയ കൈയടി കണ്ട വകുപ്പുമന്ത്രിമാർ, ഇവരേക്കാൾ ആവേശത്തിൽ, സത്യപ്രതിജ്ഞാ വാചകങ്ങൾ മറന്ന് സ്വന്തം നിലയിൽ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.

മാധ്യമങ്ങൾ വീര കേസരികളുടെ പിന്നാലെ മൈക്കുമായി പാഞ്ഞുചെല്ലുമെന്ന് പറയേണ്ടതില്ലല്ലോ. വനം വകുപ്പിനും വന്യജീവി വകുപ്പിനും ടൂറിസം വകുപ്പിനും നിയമങ്ങളുണ്ട്. അവ കൈകാര്യം ചെയ്യാൻ മന്ത്രിമാരുമുണ്ട്. നിയമലംഘനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ പരോക്ഷമായിപ്പോലും മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടായിക്കൂടാ. അല്ലെങ്കിൽ പിന്നെ ആർക്കും ചാടിക്കടക്കാവുന്ന നിയമത്തിന്റെ ആ സ്നേഹമതിലുകൾ പൊളിച്ചു കളയുക.

വാവാ സുരേഷിന്റെ ആയാലും ബാബുവിന്റെ ആയാലും ജീവൻ മറ്റേതൊരു പൗരന്റെയുമെന്നതു പോലെ വിലപ്പെട്ടതാണ്. അവരൊക്കെ ഏതെങ്കിലും തരത്തിൽ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ജീവിക്കുന്നുമുണ്ടാകും. അവരുടെ ജീവൻ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നല്ല രീതിയിൽ തന്നെ നടക്കേണ്ടതുമാണ്.

പക്ഷേ മുൻകരുതലുകൾ എടുക്കാത്ത അതിക്രമങ്ങളെ സാഹസികത എന്ന് , നിയമം കൈകാര്യം ചെയ്യേണ്ടവർ ഗ്ലോറിഫൈ ചെയ്യരുത്. അപകടമലകളിലേക്ക് ചാടിക്കയറുന്ന ചെറുപ്പക്കാരുടെ ജീവന് സർക്കാർ ഉത്തരം പറയേണ്ടിവരും. കർശനമായ താക്കീതുകളും സർക്കാർ ഉത്തരവുകളുമാണ് ഉണ്ടാകേണ്ടത്.

കുട്ടികളോട് ഐക്യപ്പെട്ട മികച്ച ആ അധ്യാപകനെതിരെ പുറപ്പെടുവിച്ച ഇണ്ടാസ് ഉണ്ടല്ലോ. അത്തരമൊന്ന് ഇവിടെയായിരുന്നു വേണ്ടിയിരുന്നത്. നിയമലംഘനത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൂടാ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാണിക്കുന്ന സാഹസികതകളെ സർക്കാർ ചെലവിൽ പ്രോത്സാഹിപ്പിക്കരുത്.

ഇനി, ഗാന്ധിജിയെയും ടെൻസിങ്ങിനെയും മിഹിർ സെന്നിനേയും ഉദാഹരിച്ച് വരാനിരിക്കുന്നവരോട്, ഗാന്ധിജിയും പൊതുതാത്പര്യാർഥം നിയമം ലംഘിച്ചിട്ടുണ്ട്. ജയിലിൽ പോയി കിടന്നിട്ടുമുണ്ട്. പക്ഷേ, നിയമ ലംഘനസമരത്തിന് സർക്കാർ ഖജനാവിലെ പണമുപയോഗിച്ചിട്ടില്ല . പർവ്വതാരോഹകരും അന്യഗ്രഹ യാത്രികരും സമുദ്രത്തിനടിത്തട്ടിൽ പോകുന്നവരും സാഹസികരാണ്. പക്ഷേ മുൻകരുതലുകളെടുക്കും. ശ്വാസവായു കരുതും. മറ്റുള്ളവർക്ക് ഈ ജാതി തലവേദനകളുണ്ടാക്കില്ല. ” Wrong is wrong even if everyone is doing it. Right is right even if no one is doing it.”

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.