| അനു ദേവസ്യ
കുടുംബശ്രീ സംരംഭങ്ങൾ വനിതകൾക്ക് അധികവരുമാനം എന്നതിൽ നിന്ന് പ്രധാന വരുമാന മാർഗ്ഗം എന്ന നിലയിലേക്ക് ഉപജീവനമാർഗം വികസിപ്പിക്കുന്നതിനും അവ സുസ്ഥിരമാക്കുന്നതിനും ഏറെ സഹായം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ‘ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിൾസ് ഫുഡ് പ്രൊഡക്റ്റ്’ എന്ന കുടുംബശ്രീ സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന ശ്യാമളയെയും കുറച്ചു വനിതകളെയും പരിചയപ്പെടാം.
2004 ലാണ് നെടുങ്കണ്ടം സ്വദേശിനി ശ്യാമള തൻെറ ജൈത്ര യാത്ര ആരംഭിക്കുന്നത്. സംരംഭം തുടങ്ങാനുള്ള അതിയായ ആഗ്രഹം ഒന്നും അന്നില്ലായിരുന്നെങ്കിൽ കൂടി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന മേളകളിൽ പങ്കെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടതാണ് ശ്യാമളയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്.
മറ്റൊരു സംസ്ഥാനത്ത് മേളകളിൽ പങ്കെടുക്കാൻ പോകുമ്പോൾ ഭാഷ ഒരു വെല്ലുവിളിയാകുമെന്നത് പുറകോട്ട് വലിച്ചെങ്കിലും പഞ്ചായത്തിൻെറ പിന്തുണയും സഹകരണവും ധൈര്യം പകർന്നു. ഒറീസയിലെ ജഗന്നാഥപുരി എന്ന സ്ഥലത്താണ് ആദ്യം താൻ പോകുന്നതെന്നും അവിടെയെത്തിയ മറ്റ് സംരംഭകരെ കണ്ട് പുതിയ പല കാര്യങ്ങളും തനിക്ക് പഠിക്കാനായെന്നും ശ്യാമള പറയുന്നു. ശ്യാമളയുടെ സംരംഭക ജീവിതത്തിലേക്കുള്ള തുടക്കം ആയിരുന്നു അത്. മേളകളിൽ സുഗന്ധവ്യജ്ഞനങ്ങളുടെ വിപണനമായിട്ടായിരുന്നു തുടക്കം.

നാല് വനിതകളും അവരുടെ അതിജീവനവും
ഗുണമേന്മയുള്ള മായം കലരാത്ത ഉത്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഒരു സംരംഭത്തിലേക്ക് തിരിയുമ്പോൾ ശ്യാമളയുടെ ഉദ്ദേശ്യലക്ഷ്യം. ഒപ്പം നിൽക്കാൻ സുധ ഉദയപ്പൻ, സുശീല ശശീന്ദ്രൻ, വിജിത ലിനു, എന്നിവർ കൂടിയായപ്പോൾ മുന്നോട്ട് പോകാൻ ഊർജ്ജവും ധൈര്യവുമായി. 4 വിധവകളായ സ്ത്രീകൾക്ക് കൂടി സംരംഭത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാൻ അവസരം ഒരുക്കുകയായിരുന്നു ഈ സംരംഭം.
തുടർന്ന് കാലക്രമേണ ഒരാൾ കൊഴിഞ്ഞുപോയെങ്കിലും സംരംഭത്തെ ചേർത്ത് നിർത്താൻ ഈ വനിതകൾക്ക് കഴിഞ്ഞു. സംരംഭം ആരംഭിക്കുമ്പോൾ ഭർത്താവ് എല്ലാ പിന്തുണയും നൽകി ശ്യാമളയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് ശ്യാമളയുടെ ഭർത്താവ് മരണപ്പെടുന്നത്.
അച്ചാർ നിർമ്മാണത്തിൽ ആരംഭിച്ച് സ്വന്തമായി വെളിച്ചെണ്ണയും, കറിപ്പൊടികളും, വിവിധ തരം പലഹാരങ്ങൾ, ഹെൽത്ത് മിക്സ് തുടങ്ങി വിവിധയിനം പൊടിവർഗങ്ങളൊക്കെയുമായി അതിവേഗം ‘ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിൾസ് ഫുഡ് പ്രൊഡക്റ്റ്’ എന്ന സംരംഭം വളർന്നു. സുതാര്യതയും വിശ്വസ്തതയും പുലർത്തി ചുരുങ്ങിയ കാലയളവിൽ ഉത്പന്നങ്ങൾ ജനപ്രിയമായി.
നെടുങ്കണ്ടം സിഡിഎസിന് കീഴിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. 2010 മുതൽ ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ചു. അന്ന് വീട്ടിൽ തന്നെ അച്ചാർ ഉണ്ടാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയായിരുന്നു. 2020 ൽ വ്യവസായവകുപ്പിൻെറ സഹായത്തോടെ ലോൺ ലഭ്യമായതോടെ വിവിധ മെഷിനുകൾ വാങ്ങി പ്രവർത്തനം കൂടുതൽ ഊർജിതമാക്കി. കൂടുതൽ ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു തുടങ്ങി.
മാങ്ങാ, നാരങ്ങാ, അമ്പഴങ്ങ, കണ്ണിമാങ്ങാ, വെജിറ്റബിൾ മിക്സ്, ഈന്തപ്പഴം മിക്സ്, മീൻ, ബീഫ്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി വിവിധ തരം അച്ചാറുകൾ, ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ, ഔഷധഗുണമുള്ള വെന്ത വെളിച്ചെണ്ണ, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, സാമ്പാർപൊടി,രസപ്പൊടി, മീറ്റ് മസാല, ബിരിയാണിമസാല, കാപ്പിപ്പൊടി, റാഗിപൊടി, ചോളം പൊടി, ഹെൽത്ത്മിക്സ് തുടങ്ങി വിവിധ ഉത്പന്നങ്ങൾ പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു. നെടുങ്കണ്ടം മേഖലയിലെ കർഷകരിൽ നിന്നുമാണ് ശുദ്ധമായ ഉണങ്ങിയ മഞ്ഞൾ ശേഖരിക്കുന്നത്.
ഗുണമേന്മയുള്ള ഗോതമ്പ്, ചോളം എന്നിവ പുഴുങ്ങി പൊടിച്ച് വറുത്ത് ഗുണമേന്മ ഉറപ്പുവരുത്തിയാണ് പായ്ക്ക് ചെയ്യുന്നത്. ഓണക്കാലത്തെ വരവേൽക്കാൻ ചിപ്സും ശർക്കരവരട്ടിയും ഒരുക്കി തുടങ്ങി. കഴിഞ്ഞ രണ്ട് വർഷക്കാലവും ഓണകിറ്റിൽ എത്തിയ ഓണ വിഭവങ്ങളിൽ ‘ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിൾസ് ഫുഡ് പ്രൊഡക്റ്റ്’ ഉത്പന്നങ്ങളും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഓണം വിപണിയ്ക്കായി മാത്രം ഒരു ലക്ഷത്തിലധികം ശർക്കര വരട്ടി പായ്ക്കറ്റുകളാണ് ഈ വനിതകൾ നിർമ്മിച്ചുനൽകിയത്. സംരംഭം വളരുംതോറും കൂടുതൽ പേർക്ക് തൊഴിൽ സാധ്യതയും പ്രധാനം ചെയ്യുന്നു എന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് ശ്യാമള പറയുന്നു.
പഞ്ചായത്ത് ലൈസൻസ്, ഫുഡ് ആൻഡ് സേഫ്റ്റി, ഹെൽത്ത് സാനിട്രി സർട്ടിഫിക്കറ്റ്, ഉദ്യം രെജിസ്ട്രേഷൻ, ലീഗൽ മെട്രോളജിയുടെ സർട്ടിഫിക്കറ്റ് തുടങ്ങി നിയമം അനുശാസിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും ലൈസൻസുകളോടും കൂടിയാണ് ഈ സംരംഭത്തിൻെറ പ്രവർത്തനം..
നാട് കടന്ന രുചി പെരുമ
ജില്ലയും സംസ്ഥാനവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലും ശ്യാമളയുടെയും കൂട്ടരുടെയും രുചി പെരുമ വളർന്നു. ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയർ എന്ന എല്ലാ വർഷവും ഡൽഹിയിൽ നടക്കുന്ന വിപണനമേളയിൽ പങ്കെടുക്കാറുണ്ട്. ‘ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിൾസ് ഫുഡ് പ്രൊഡക്റ്റ്’സിൻെറ ഉത്പന്നങ്ങള്‍ക്ക് മേളയിൽ വന്‍ ഡിമാന്‍ഡാണ്. സംരംഭത്തെ കൂടുതൽ വളർത്തി കൂടുതൽ പേർക്ക് ജോലി സാധ്യത നൽകാൻ കഴിയുന്ന വിധം വളരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ വനിതകൾ മുന്നോട്ട് പോകുന്നത്. ഒറ്റകെട്ടായി സ്വപ്‌നങ്ങൾക്ക് വേണ്ടി പൊരുതുമ്പോൾ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുകയാണ് ഈ വനിതകൾ.























