ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ നടത്തുന്ന നീക്കത്തിന് ഫ്രാൻസ് തുറന്ന പിന്തുണ പ്രഖ്യാപിച്ചു. ലോകക്രമം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കൗൺസിലിനെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമായ രൂപത്തിൽ വിപുലീകരിക്കേണ്ടതുണ്ടെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മക്രോൺ.
“സുരക്ഷാ കൗൺസിൽ ആഗോള പ്രതിനിധാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ നവീകരിക്കേണ്ടതുണ്ട്,” മക്രോൺ പറഞ്ഞു. ജർമ്മനി, ജപ്പാൻ, ഇന്ത്യ, ബ്രസീൽ എന്നിവ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കണം എന്നും ആഫ്രിക്കയെ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങൾ കൂടി സ്ഥിരാംഗങ്ങളാകണമെന്നും മക്രോൺ ആവശ്യം ഉന്നയിച്ചു.
എന്നാൽ, കൗൺസിൽ വിപുലീകരിക്കുന്നത് മാത്രമല്ല, പ്രവർത്തന രീതികളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “വലിയ കുറ്റകൃത്യങ്ങളിൽ വീറ്റോ അധികാരം പരിമിതപ്പെടുത്തണം,” എന്നും സമാധാനം നിലനിർത്തുന്നതിന് കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇപ്പോൾ അടിത്തട്ടിൽ ശക്തമായി പ്രവർത്തിക്കേണ്ട സമയമാണ്,” എന്ന് മക്രോൺ വ്യക്തമാക്കി.
റഷ്യ- യുക്രൈൻ യുദ്ധം, ഇസ്രയേൽ- ഗാസാ സംഘർഷം തുടങ്ങിയ ആഗോള പ്രതിസന്ധികൾ ഐക്യരാഷ്ട്രസഭ നേരിടുന്ന പരിമിതികളെ കൂടുതൽ സുഷ്പ്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ കൗൺസിലിൽ ഭേദഗതിയുണ്ടാകേണ്ടതിൻ്റെ ആവശ്യം കൂടുതൽ ശക്തമായി ഉയർന്നത്. “ആഗോള പ്രതിസന്ധികളിൽ ഐക്യരാഷ്ട്രസഭ ഇടപെടാനുള്ള ശേഷി കുറയുന്നത്, ഇന്ത്യയുടെ സ്ഥിരാംഗത്വ സാധ്യതയെ ഉയർത്തുന്ന ഘടകമായി മാറിയിരിക്കുന്നു,” എന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രതികരിച്ചു.



