| ജെ അഞ്ജന കൃഷ്ണ
കേരള സർക്കാർ 1995 ൽ വഖഫ് നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു നിയമാനുസൃത സംഘടനയാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്.1954-ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് ബോർഡ് നിലവിൽ വന്നത്. 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചു വരുന്നു .മുന്‍മന്ത്രിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.കെ. കുഞ്ഞുസാഹിബായിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍. തുടർന്ന് കേരളസര്‍ക്കാര്‍ 1995-ലെ 43-ാം ആക്റ്റ് പ്രകാരം കേരള വഖഫ് നിയമത്തിന് രൂപം നല്‍കി. 1996 ജനുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
2021 ൽ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയിൽ അന്ന് ജനസാഗരമിരമ്പിയിരുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കുകൊണ്ടു പ്രതിഷേധം അറിയിച്ചു.
ഇപ്പോൾ കഴിഞ്ഞ ദിവസം സർക്കാർ വഖഫ് ബോർഡ് നിയമനം പി. എസ്. സി. ക്കു വിടാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി. വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാറിനെതിരെ പള്ളികൾ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭത്തിനാണ് മുസ്ലീംലീഗ് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ ഈ ആഹ്വാനം ലീഗിൻ്റെ വോട്ട് ബാങ്കായ സമസ്ത തള്ളിക്കളയുകയാണ് ഉണ്ടായത്.
വഖഫ് ബോർഡിലേക് പി. എസ്. സി വഴി നിയമനം നടത്തുന്നതിൽ മുസ്ലിം സമുദായിക സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരു തുടർനടപടി എടുക്കാതെ സർക്കാർ നിലകൊണ്ടത്. നിലവിലുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്കയായിരുന്നു അന്ന് അവർ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇതിനു പരിഹാരമായി നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വഖഫ് ബോർഡ് നിയമനം പി. എസ്. സി ക്കു വിടാനുള്ള തീരുമാനം പിൻവലിച്ചതുവഴി മുസ്ലിം സംഘടനകളെ സർക്കാരിന്റെ ഒപ്പം നിർത്തി മുസ്ലിം ലീഗിന് വ്യക്തമായ സന്ദേശം നൽകുകയാണ് സർക്കാരും മുഖ്യമന്ത്രിയും ചെയ്തത്.
മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ഉള്‍തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചിരിക്കുന്നത്.
നേരത്തെ പ്രശ്നത്തിൽ കാന്തപുരം ഒഴികെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്ത് മുസ്ലിം ലീഗ് പ്രക്ഷോഭത്തിനു ഒരുങ്ങുമ്പോഴാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിളിച്ചു തീരുമാനം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തിലൂടെ മുസ്ലിം സംഘടനക്ക് വിശ്വാസം വർധിക്കുകയും ഇതു മുസ്ലിം ലീഗിന് രാഷ്ട്രിയ തിരിച്ചടിയാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വക്കിൽ വിശ്വസിച്ച സമസ്തക്കു ലഭിച്ചത് വൻ വിജയമാണ്. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നതും ഇതോടെയാണ്. ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നതായിരുന്നു സമസ്തക്കെതിരായ പ്രധാന വിമർശനം. ഈ വിഷയം മുൻ നിർത്തി സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല.
എന്നാൽ ഈ വിഷയത്തോട് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത് മുസ്ലിം ലീഗ് പലതവണ ഈ പ്രശ്നം അവതരിപ്പിക്കുകയും കോഴിക്കോട്ടെ പ്രതിഷേധവും എല്ലാം സർക്കാരിലേക്ക് എത്തുകയും ഉചിതമായ തീരുമാനം എടുക്കാൻ ചിന്തിപ്പിക്കുകയും ചെയ്തു കാണും എന്നാണ്. ഇതു ലീഗിന്റെ രാഷ്ട്രിയ വിജയം കൂടി എന്നാണ് അദ്ദേഹം പറയുന്നത്.























