19 May 2024

മനുഷ്യാവകാശത്തേക്കാള്‍ വലുതല്ല അഭിപ്രായ സ്വാതന്ത്രം; ജോജുവിലൂടെ ചർച്ചയാവുന്ന ഹൈക്കോടതി വിധി

അമ്മയെ തല്ലിയാല്‍ രണ്ട് പക്ഷമുണ്ടെന്ന് പറയുന്നതുപോലെ ജോജുവിനെതിരെയും ജോജുവിനൊപ്പവും ആളുകള്‍ ചേരിതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.

.അരുൺ ടി വിജയൻ

ഇന്ധന വില വര്‍ധനവിനെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സമരത്തെ ചലച്ചിത്ര താരം ജോജു ജോര്‍ജ്ജ് ചോദ്യം ചെയ്തത് വാര്‍ത്തയായിരിക്കുകയാണ്. ഒരു മണിക്കൂര്‍ നേരത്തേക്ക് സമരം നടത്തുന്നവരോട് ഇത് പോക്രിത്തരമാണെന്നാണ് ജോജു കയര്‍ത്തത്. അതേസമയം ജോജു മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് ആരോപിച്ച സമരക്കാര്‍ സംഭവം വിവാദമാകുന്നുവെന്ന് കണ്ടതോടെ സമരം അവസാനിപ്പിക്കുകയും ചെയ്തു.

അമ്മയെ തല്ലിയാല്‍ രണ്ട് പക്ഷമുണ്ടെന്ന് പറയുന്നതുപോലെ ജോജുവിനെതിരെയും ജോജുവിനൊപ്പവും ആളുകള്‍ ചേരിതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ റോഡ് ഉപരോധങ്ങള്‍ക്കെതിരെ ഹൈക്കോടതി വിധിയുണ്ടെന്നതാണ് ജോജു ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു വിധിയുള്ള കാര്യം എത്രപേര്‍ക്ക് അറിയാമെന്ന് അറിയില്ല. കോവിഡിനോടുള്ള ഭയാശങ്കകളൊക്കെ അകന്നതോടെ എല്ലാം സാധാരണഗതിയിലാകുന്ന ഈ കാലത്ത് രാഷ്ട്രീയക്കാരും തങ്ങളുടെ കച്ചവടവുമായി രംഗത്തെത്തിയെന്ന് മാത്രമേ ഈ പ്രകടനത്തെ കാണാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പ്രകടനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെങ്കിലും മനുഷ്യാവകാശത്തേക്കാള്‍ വലുതല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് 1997 ജൂലൈ 28ലെ ഹൈക്കോടതി വിധിയില്‍ നിന്നും മനസ്സിലാക്കുന്നത്.

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ഹൈക്കോടതി ഫുള്‍ബഞ്ചാണ് സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്. പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ ദ സോഷ്യല്‍ ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരിനെതിരെ നല്‍കിയ ഹർജിയിലായിരുന്നു വിധി. ഈ വിധി അനുസരിച്ച് ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങള്‍ നടക്കുമ്പോള്‍ എല്ലാ പത്ത് മിനിറ്റിലും പ്രകടനക്കാര്‍ വഴിമാറി ജനങ്ങള്‍ക്ക് കടന്നുപോകാന്‍ അവസരമൊരുക്കേണ്ടതാണ്. അതവര്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പോലീസ് ആണ്. നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടെന്നും ഈ വിധിയില്‍ പറയുന്നു.

ഇന്ധന വില വര്‍ധനവ് ഈ രാജ്യത്തെ ജനങ്ങളെയാകമാനം ജീവിക്കാനാകാത്ത വിധം വലയ്ക്കുകയാണെന്ന സത്യം നിലനില്‍ക്കെ തന്നെ അതിനെതിരായ പ്രതിഷേധങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാകരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. ജോജു തന്നെ ചൂണ്ടിക്കാട്ടിയത് പോലെ ഇന്ന് കോണ്‍ഗ്രസിന്റെ റോഡ് ഉപരോധം നടക്കുമ്പോള്‍ വഴിയില്‍ കുരുങ്ങിയ എത്രയെത്ര രോഗികള്‍ കാണും, എത്ര പേര്‍ ജീവിതത്തിലെ തന്നെ സുപ്രധാനമായ യാത്രകളിലായിരിക്കും. കോണ്‍ഗ്രസ് പ്രകടനം മുന്നോട്ട് വയ്ക്കുന്ന ഇന്ധന വില വര്‍ധനവ് എന്ന ആവശ്യം നിസ്സാരമായി കാണാനാകില്ലെങ്കിലും എല്ലാത്തിലുമുപരി മനുഷ്യാവകാശമാണെന്ന വസ്തുത മറന്നുപോകാന്‍ പാടില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News