...
Home News International ഇറാൻ ഒരു അറബ് രാജ്യമല്ല; പിന്തുടരുന്നത് ദുരൂഹവും രഹസ്യാത്മകവുമായ ശൈലി

ഇറാൻ ഒരു അറബ് രാജ്യമല്ല; പിന്തുടരുന്നത് ദുരൂഹവും രഹസ്യാത്മകവുമായ ശൈലി

അപരരെ ആശ്രയിച്ച് മാത്രം പ്രതിരോധ സംവിധാനങ്ങൾ രൂപപ്പെടുത്തുന്ന അറബ് രാജ്യങ്ങളുമായി കൊമ്പ് കോർക്കുന്നത് പോലെയാകില്ല ഇസ്രായേലിന് ഇറാനെന്ന് നേരത്തേ തന്നെ പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

302

| എമ്മെസ് ഷൈജു

ഇറാൻ ഒരു അറബ് രാജ്യമല്ല, അതൊരു പേർഷ്യൻ രാജ്യമാണ്. അറബികൾക്ക് ഇറാൻ ജനതയുമായി വംശീയ ബന്ധങ്ങളൊന്നുമില്ല. അറബികളുടെ ശൈലിയോ രീതികളോ അല്ല ഇറാൻ്റേത്. ദുരൂഹവും രഹസ്യാത്മകവുമായ ഒരു ശൈലിയാണ് ഇറാൻ്റേത്. യാഥാസ്ഥിതിക മതനേതൃത്വം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൻ്റെ സാമൂഹിക പ്രശ്നങ്ങൾ ഇറാൻ്റെ ആഭ്യന്തര സമൂഹത്തിലുണ്ടെങ്കിലും ഒരു രാജ്യം എന്ന നിലയിൽ ഭദ്രമായ ഒരസ്തിത്വം അവരുണ്ടാക്കിയിട്ടുണ്ട്.

ഇറാൻ്റേത് കാലഹരണപ്പെട്ട ആയുധങ്ങളും പഴഞ്ചൻ സാങ്കേതിക വിദ്യയും മാത്രമാണ് എന്ന നിരീക്ഷണങ്ങൾ തെറ്റാണ്. അപരരെ ആശ്രയിച്ച് മാത്രം പ്രതിരോധ സംവിധാനങ്ങൾ രൂപപ്പെടുത്തുന്ന അറബ് രാജ്യങ്ങളുമായി കൊമ്പ് കോർക്കുന്നത് പോലെയാകില്ല ഇസ്രായേലിന് ഇറാനെന്ന് നേരത്തേ തന്നെ പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. അറബ് ജനതയോട് യുദ്ധം ചെയ്ത് മാത്രമേ ഇസ്രായേലിന് പരിചയമുള്ളൂ. സൈനികമായി ദുർബലരായ അറബ് രാജ്യങ്ങളെ മെരുക്കി നിർത്തുന്ന യുദ്ധതന്ത്രം ഇറാൻ്റെ വിഷയത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ല.

ഇന്നത്തെ കാലത്ത് ഒരു രാജ്യം യുദ്ധത്തിൽ ജയിക്കുന്നത് സ്വന്തം ആയുധ ശക്തിയോ മിടുക്കോ മാത്രം കൊണ്ടല്ല. അന്താരാഷ്ട്രാ ശക്തികളായ രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ കൂടി വിജയ പരാജയങ്ങൾക്ക് ആധാരമാണ്. ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് അന്താരാഷ്ട്രാ ശക്തികളുടെ പിന്തുണയില്ല എന്നാണ് ഇത് വരെയുള്ള വിവരങ്ങൾ വെച്ച് മനസിലാക്കാൻ സാധിക്കുന്നത്.

യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കേട്ട് തുടങ്ങുന്നത് കൂടുതലും കളവുകളായിരിക്കും. യുദ്ധ തന്ത്രത്തിൻ്റെ ഭാഗമായി യുദ്ധം നടത്തുന്ന രാജ്യങ്ങൾ പുറത്ത് വിടുന്ന കളവുകളാകും വാർത്തകൾ എന്ന പേരിൽ ആളുകൾ അറിയുന്നതും ചർച്ച ചെയ്യുന്നതും. യുദ്ധമുഖങ്ങളിലെ യാഥാർത്ഥ്യങ്ങൾ വാർത്തകളിൽ നിന്ന് ഏറെ വ്യത്യസ്തമായതാകും. ഇസ്രയേൽ പക്ഷപാതിത്വമുള്ള മാധ്യമങ്ങൾ നൽകുന്ന വാർത്തകളല്ല ഇറാൻ – ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളെന്നാണ് വിവരങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.