...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമം ‘നോ ക്യാപിന്റെ’ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കി

മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമം ‘നോ ക്യാപിന്റെ’ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കി

നീക്കങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകണമെന്നും പ്രസ്താവനയിലൂടെ നോക്യാപ് അധികൃതർ ആവശ്യപ്പെട്ടു

4

തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ ‘നോക്യാപിന്റെ’ (Nokyap) ഔദ്യോഗിക ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കി. സർക്കാരിൽ നിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച വിശദീകരണം. നോക്യാപ് ചീഫ് എഡിറ്റർ അലി ഹൈദർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നടപടിക്ക് പിന്നിൽ ഐടി ആക്ട്

‘നിയമവിരുദ്ധ പ്രവർത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ മെറ്റയ്ക്ക് നൽകിയ നോട്ടീസിനെ തുടർന്നാണ് പേജ് ബ്ലോക്ക് ചെയ്തതെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. എന്നാൽ, നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമായത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളോ വിശദീകരണങ്ങളോ മെറ്റയിൽ നിന്നോ സർക്കാരിൽ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എഡിറ്റർ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ-മതേതര കാഴ്ചപ്പാടുകളും മുറുകെപ്പിടിച്ചാണ് നോക്യാപ് മാധ്യമപ്രവർത്തനം നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ ഓഡിറ്റ് ചെയ്യുകയും ചെയ്യുകയെന്ന മാധ്യമങ്ങളുടെ അടിസ്ഥാനപരമായ ജോലിയെ എങ്ങനെയാണ് നിയമവിരുദ്ധമെന്ന് മുദ്രകുത്താൻ കഴിയുകയെന്ന് നോക്യാപ് ചോദ്യം ചെയ്യുന്നു.

കേരളത്തിൽ പ്രതിപക്ഷ സ്വരമുയർത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളിൽ നിശബ്ദമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസമൂഹ ജാഗ്രത അനിവാര്യം

മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ ഏത് കടന്നുകയറ്റത്തെയും ശക്തമായി എതിർത്തിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലുള്ളത്. അടിയന്തരാവസ്ഥക്കാലം മുതൽ ഇന്നുവരെ അഭിപ്രായസ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തിയവരാണ് മലയാളി സമൂഹം.

ഇന്ന് ഒരു മാധ്യമത്തിന്റെ ശബ്ദത്തിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം നാളെ ഓരോ പൗരന്റെയും മൗലികാവകാശങ്ങളെയാണ് ബാധിക്കുക. അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും, അതിനെതിരായ നീക്കങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകണമെന്നും പ്രസ്താവനയിലൂടെ നോക്യാപ് അധികൃതർ ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.