രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി ബാധകമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. കമ്പനികളുടെ ലാഭത്തിന്‍റെ 15% വരെ നികുതിയായി അടയ്ക്കണമെന്ന നിര്‍ദ്ദേശം ധനമന്ത്രാലയം പുറത്തുവിട്ടു. ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) എന്ന പേരിലാണ് പുതിയ നികുതി സംവിധാനം പ്രാബല്യത്തില്‍ വരുന്നത്.
750 മില്ല്യണ്‍ യൂറോ (ഏകദേശം 3 ബില്ല്യണ്‍ ദിര്‍ഹം) അല്ലെങ്കില്‍ അതിലധികം വരുമാനമുള്ള കമ്പനികള്‍ക്കാണ് ഡിഎംടിടി ബാധകമാവുക. നിലവില്‍ യുഎഇയിലെ കോര്‍പ്പറേറ്റ് ടാക്സ് നിരക്ക് 9 ശതമാനമാണ്. പുതിയ നികുതി സംവിധാനം രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
പുതിയ നികുതി നടപടികള്‍ യുഎഇയുടെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക മത്സരശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ധനമന്ത്രാലയം ഉടന്‍ പുറത്തുവിടുമെന്നു അധികൃതര്‍ അറിയിച്ചു.
2022 ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 47 പ്രകാരം നിക്ഷേപങ്ങളും വ്യാപാര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി കോര്‍പ്പറേറ്റ് ടാക്സ് ഇന്‍സെന്‍റീവുകള്‍ 2026 മുതല്‍ നടപ്പിലാക്കാനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ (R&D) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാക്സ് ഇന്‍സെന്‍റീവ് സംവിധാനവും പരിഗണനയിലുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ രംഗങ്ങളില്‍ ചെലവഴിക്കുന്നതിനായി റീഫണ്ടബിള്‍ ടാക്സ് ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കാനും ധനമന്ത്രാലയം ആലോചിക്കുന്നു. 2025 ജനുവരി 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്. തൊഴിലാളികളുടെ ശമ്പള ചെലവിന്‍റെ ഒരു ശതമാനമായിരിക്കും ഇത് അനുവദിക്കുക.
നികുതി ഇന്‍സെന്‍റീവുകള്‍ക്കും ടാക്സ് ക്രെഡിറ്റ് പദ്ധതികള്‍ക്കുമുള്ള അന്തിമ രൂപവും നടപ്പിലാക്കാനുള്ള കാലയളവും നിയമ നിര്‍മ്മാണ സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.