...
Home News International പുടിനും ഷി ജിൻപിങ്ങിനും ഒപ്പം വേദി പങ്കിടും; ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ...

പുടിനും ഷി ജിൻപിങ്ങിനും ഒപ്പം വേദി പങ്കിടും; ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ചൈനയിൽ

ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡ്

261

ബെയ്‌ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിന് വടക്കൻ കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930-കളിലും 40-കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നിൽപ്പിൻ്റെയും ഓർമ്മക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡിൽ കിം ജോങ് ഉൻ പങ്കെടുക്കും.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. 26 ഓളം ലോക നേതാക്കൾ സൈനിക പരേഡിന് സാക്ഷികളാകും എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ടിയാൻമെൻ സ്ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ് നടക്കുക.

അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ച്‌ എത്തുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് യോ​ഗം ചേരുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് നേതാക്കളും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തര കൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തര കൊറിയ പുലർത്തുന്നത്.

കഴിഞ്ഞ ദിവസമാണ് സൈനിക പരേഡിൽ പങ്കെടുക്കുന്നതിനായി കിം ജോങ് ഉൻ തൻ്റെ പ്രത്യേക ട്രെയിനിൽ ചൈനയിൽ എത്തിയത്. വിദേശകാര്യ മന്ത്രി ചോ സൺ ഹുയി അടക്കമുള്ള ഉന്നതതല സംഘം കിം ജോങ് ഉന്നിനൊപ്പം ചൈനയിൽ എത്തിയിട്ടുണ്ട്.

2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. 2011ൽ അധികാരത്തിൽ എത്തിയതിന് ശേഷം അഞ്ച് തവണ ഉത്തര കൊറിയൻ നേതാവ് ചൈന സന്ദർശിച്ചിട്ടുണ്ട്. ഷാങ്ങ്ഹായി കോ -ഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടിയിലും ബെയ്‌ജിങ്ങിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞ ഞായറാഴ്‌ചയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ചൈനയിൽ എത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.