9 May 2024

അതിവേദന ഉണ്ടാക്കുന്ന കീടങ്ങളെ കണ്ടെത്തി; സൂക്ഷിക്കണം ജയന്‍റ് വാട്ടർ ബഗ്‌സിനെ

പ്ലയർ പോലുള്ള ശരീരഘടന ഉപയോഗിച്ചാണ് ഇവ കടിക്കുന്നത്. വിഷമുള്ള ഉമിനീർ വഴി കടിയേൽക്കുന്ന ഇരയെ ചലനമില്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും.

അതിവേദനയുണ്ടാക്കുന്ന തരത്തിൽ കാൽവിരലുകളിൽ കടിക്കുന്ന കീടങ്ങൾ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിൽ വർദ്ധിക്കുന്നതായി പഠനം. 12 സെന്‍റീമീറ്റർ വരെ വളരുന്ന ഈ കീടങ്ങളെ നീന്തൽക്കാരുടെ സഹായത്തോടെ ഗവേഷകരാണ് കണ്ടെത്തിയത്.

ടോ ബൈറ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന, ജലജീവികളായ ഈ കീടങ്ങൾ ലെഥോസെറസ് എന്ന ജനുസ്സിൽപെടുന്നവയാണ്. ജയന്‍റ് വാട്ടർ ബഗ്‌സ് എന്നും ഇവ അറിയപ്പെടുന്നു. ലോകത്തെമ്പാടും കുളങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെ ഇവയെ കാണാറുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ആദ്യം ഫ്രാന്‍സിലും പിന്നീട് യൂറോപ്പിലെ പല രാജ്യങ്ങളിലും വ്യാപകമായി പടര്‍ന്ന് പിടിച്ച മൂട്ടകള്‍ വാര്‍ത്താ പ്രാധാന്യം നേടിയത്.

അനുകൂല ജീവിത സാഹചര്യത്തില്‍ പെറ്റുപെരുകിയ മൂട്ടകള്‍ ഫ്രഞ്ചുകാരുടെ ഉറക്കം തന്നെ കെടുത്തിയിരുന്നു. കുടിയേറ്റക്കാര്‍ക്കും സഞ്ചാരികള്‍ക്കുമെതിരെ ഫ്രഞ്ചുകാര്‍ തിരിയാന്‍ പോലും മൂട്ട കാരണമായി. ഒടുവില്‍ മൂട്ട ശല്യം ഒരുവിധം അടങ്ങിയപ്പോഴാണ് മറ്റൊരു ക്ഷുദ്രജീവിയുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

മുമ്പ് തുർക്കി, ലബനൻ, ഇസ്രയേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിണ്ട്. എന്നാൽ സൈപ്രസിൽ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്. ലെഥോസെറസ് പാട്രുവെലിസ് എന്ന സ്പീഷീസിൽപ്പെടുന്ന കീടങ്ങളെയാണ് ഇപ്പോൾ സൈപ്രസിൽ നിന്നും കണ്ടെത്തിയത്. ലെഥോസെറസ് വർ​ഗത്തിൽ തന്നെയുള്ള മറ്റ് കീടങ്ങളും ഇവിടെയുണ്ടെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നത്. സമീപ രാജ്യങ്ങളിൽ നിന്ന് ഇവ കാറ്റിന്‍റെ സഹായത്തോടെ വന്നതോ അതല്ലെങ്കില്‍ സൈപ്രസ് തീരത്തെ പ്രകാശത്തിൽ ആകൃഷ്ടരായി വന്നതോ ആകാമെന്നാണ് പഠനത്തിൽ പറയുന്നത്.

പ്ലയർ പോലുള്ള ശരീരഘടന ഉപയോഗിച്ചാണ് ഇവ കടിക്കുന്നത്. വിഷമുള്ള ഉമിനീർ വഴി കടിയേൽക്കുന്ന ഇരയെ ചലനമില്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. എന്നാൽ വേദന ഉണ്ടാകുന്നതൊഴിച്ചാൽ മനുഷ്യർക്ക് ഇവ അപകടകാരികളല്ല. കാരണം മനുഷ്യ ശരീരത്തെ തളർത്താൻ മാത്രമുള്ള വിഷം ഇവയിലില്ലെന്നത് തന്നെ. ബീച്ചുകളിലും മറ്റും പോകുന്നവരുടെ കാലിൽ ഇവ കടിക്കുന്നതിനാലാണ് ഇവയ്ക്ക് ടോ ബൈറ്റേഴ്‌സ് എന്ന പേര് വന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News