9 May 2024

യുവാക്കൾ സന്തുഷ്ടരല്ല; കാരണം വ്യക്തമാക്കാതെയുള്ള റിപ്പോർട്ട്‌ പുറത്ത്

അമേരിക്കയ്ക്ക് സമാനമായി ആഗോളതലത്തില്‍ തന്നെ യുവാക്കള്‍ നിരാശരായി മുന്നോട്ട് പോകുന്നത് വലിയ മുന്നറിയിപ്പാണ്.

ആഗോളതലത്തില്‍ യുവാക്കള്‍ സന്തുഷ്ടരല്ലെന്ന് ഗവേഷണ റിപ്പോർട്ട്. ഗുരുതരമായ മാനസിക സംഘർഷങ്ങളിലൂടേയും ബുദ്ധിമുട്ടുകളിലൂടെയുമാണ് യുവാക്കള്‍ കടന്നുപോകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓക്‌സ്‌ഫോർഡ് യുണിവേഴ്‌സിറ്റിയുടെ വെല്‍ബീയിങ് റിസേർച്ച് സെന്റർ, ഗാലപ്പ്, ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവല‌പ്മെന്റ് സൊലൂഷന്‍സ് നെറ്റ്‌വർക്ക് എന്നിവ ചേർന്ന് തയാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 140 രാജ്യങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു പഠനം.

വടക്കെ അമേരിക്കയിലെ യുവാക്കള്‍ മുതിർന്നവരേക്കാള്‍ ഏറെ നിരാശരാണെന്ന റിപ്പോർട്ടിലെ കണ്ടെത്തല്‍ യൂറോപ്പിലേക്കും പടരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 30 വയസിന് താഴെ പ്രായമുള്ളവരുടെ മാനസിക ക്ഷേമത്തിലുണ്ടായ ഇടിവ് ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ നിന്ന് അമേരിക്കയെ പുറത്താക്കി. അമേരിക്കയില്‍ 15-24 വയസുവരെ പ്രായമുള്ളവർ മുതിർന്നവരേക്കാള്‍ സന്തുഷ്ടരായി തുടർന്നിരുന്നെങ്കിലും 2017 മുതല്‍ ഈ പ്രവണത മാറിമറിഞ്ഞതായാണ് റിപ്പോർട്ടില്‍ പറയുന്നത്. യൂറോപ്പിലും അമേരിക്കയുടേതിന് സമാനമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അമേരിക്കയ്ക്ക് സമാനമായി ആഗോളതലത്തില്‍ തന്നെ യുവാക്കള്‍ നിരാശരായി മുന്നോട്ട് പോകുന്നത് വലിയ മുന്നറിയിപ്പാണ്.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ പ്രായക്കാരിലും സന്തോഷത്തിന്റെ അളവില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യുവാക്കളില്‍. 2021-23 കാലഘട്ടത്തില്‍ ഏറ്റവും നിരാശയില്‍ കഴിഞ്ഞത് യുവാക്കളാണ്. 2010ല്‍ ഏറ്റവും സന്തുഷ്ടരായിരുന്നത് യുവാക്കളായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവാക്കളിലെ ഈ മാറ്റത്തിന്റെ കാരണം റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം, വരുമാനത്തിലെ അസമത്വങ്ങള്‍, ഗാർഹിക പ്രശ്നങ്ങള്‍, യുദ്ധം, കാലാവസ്ഥ പ്രശ്നങ്ങള്‍ എന്നിവ യുവാക്കള്‍ക്കിടയില്‍ ചർച്ചയാകുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News