...
Home Entertainments ഗ്ലാമർ മാത്രം പോര; അഭിനയത്തിനും തുല്യ പ്രാധാന്യം വേണം; ദക്ഷിണേന്ത്യൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് തമന്നയുടെ...

ഗ്ലാമർ മാത്രം പോര; അഭിനയത്തിനും തുല്യ പ്രാധാന്യം വേണം; ദക്ഷിണേന്ത്യൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് തമന്നയുടെ തുറന്നുപറച്ചിൽ

3

ടോളിവുഡ്, ബോളിവുഡ്, കോളിവുഡ് എന്നീ ചലച്ചിത്ര മേഖലകളിലായി നിരവധി പ്രോജക്ടുകളുമായി സജീവമാണ് നടി തമന്ന ഭാട്ടിയ. അടുത്തിടെ പുറത്തിറങ്ങിയ ‘ഓ റോമിയോ’, ‘ഒഡേല 2’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, പ്രത്യേക ഗാനങ്ങളിലെ പ്രകടനങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിലവിൽ ബോളിവുഡ് താരം സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള ‘വാൻ: ഫോഴ്‌സ് ഓഫ് ദ ഫോറസ്റ്റ്’ എന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തിന്റെ തിരക്കിലാണ് തമന്ന.

ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുനിൽ ഗ്രോവറും ശ്വേത തിവാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലാജി ടെലിഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്.

ഇതിനിടെ, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദക്ഷിണേന്ത്യൻ സിനിമാ മേഖലയെക്കുറിച്ച് തമന്ന നടത്തിയ തുറന്ന പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വാണിജ്യ സിനിമകളിൽ നായികമാരെ പലപ്പോഴും ഗ്ലാമർ പ്രദർശനത്തിനായി മാത്രം ഉപയോഗിക്കുന്ന പ്രവണത തനിക്ക് ഇഷ്ടമല്ലെന്ന് താരം വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ സിനിമയിൽ ഇപ്പോഴും പുരുഷ കേന്ദ്രീകൃത സമീപനങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, ചില ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര ബഹുമാനവും പ്രാധാന്യവും ലഭിക്കുന്നില്ലെന്നും തമന്ന അഭിപ്രായപ്പെട്ടു. സിനിമയിലെ പാട്ടുകളും നൃത്തങ്ങളും ഉൾപ്പെടെയുള്ള വാണിജ്യ ഘടകങ്ങളുടെ പ്രാധാന്യം തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

ബോളിവുഡിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന നടിമാരും, മറുവശത്ത് ഗ്ലാമർ വേഷങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ടെന്ന് തമന്ന ചൂണ്ടിക്കാട്ടി. എന്നാൽ ഈ രണ്ട് മേഖലകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടിമാർക്കാണ് ദീർഘകാലം പ്രേക്ഷകപ്രീതി നിലനിർത്താൻ സാധിക്കുന്നതെന്നും അവർ വിലയിരുത്തി.

ഗ്ലാമറും മികച്ച പ്രകടനവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഒരു നടിയുടെ കരിയറിനെ ഉയരങ്ങളിലെത്തിക്കുന്നതെന്ന് വ്യക്തമാക്കിയ തമന്ന, താനടക്കം അനുഷ്ക ഷെട്ടി, നയൻതാര, സാമന്ത എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഗ്ലാമറിനൊപ്പം അഭിനയമികവും തെളിയിക്കാൻ കഴിഞ്ഞതിനാലാണ് ഈ താരങ്ങൾ പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായികമാരായി തുടരുന്നതെന്നും തമന്ന കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.