...
Home News National മുംബൈയിലെ ഫ്ളാറ്റും ഫാം ഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മുംബൈയിലെ ഫ്ളാറ്റും ഫാം ഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ആഭ്യന്തര, വിദേശ വായ്‌പാ ദാതാക്കളില്‍ നിന്ന് വായ്‌പയെടുത്ത തുക വക മാറ്റിയതും ദുരുപയോഗം ചെയ്‌തതുമാണ് കേസിന് അടിസ്ഥാനമായുള്ളത്

259

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്ളാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാം ഹൗസും കണ്ടുകെട്ടി ഇഡി. കള്ളപ്പണ ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. 3034 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് എതിരായ കള്ളപണ, ബാങ്ക് ഫണ്ട് തട്ടിപ്പ് കേസിലാണ് 3034 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. വസ്‌തുക്കള്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിനും ബാങ്കുകളുടെയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം താല്‍ക്കാലിക ജപ്‌തിയെന്ന് ഇഡി പ്രസ്‌താവനയില്‍ വ്യക്തമാക്കി.

റിലയന്‍സ് കമ്യൂണിക്കേഷന്‍സും മറ്റ് സ്ഥാപനങ്ങളും ആഭ്യന്തര, വിദേശ വായ്‌പാ ദാതാക്കളില്‍ നിന്ന് വായ്‌പയെടുത്ത തുക വക മാറ്റിയതും ദുരുപയോഗം ചെയ്‌തതുമാണ് കേസിന് അടിസ്ഥാനമായുള്ളത്.

40125 കോടി രൂപ കുടിശ്ശികയാണെന്ന് ഇഡി പറയുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി തുടങ്ങിയവയാണ് പരാതി നല്‍കിയത്.

കേസില്‍ നേരത്തെ റിലയന്‍സ് ഗ്രൂപ്പിൻ്റെ മൂന്ന് ഉദ്യോഗസ്ഥരെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. രണ്ട് തവണയാണ് അനില്‍ അംബാനി ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരായത്. അതേസമയം ഇഡി കണ്ടുകെട്ടിയ ചിലത് കുടുംബ സ്വത്താണെന്നും അംബാനി കുടുംബം വ്യക്തമാക്കി. ഇഡി കേസില്‍ ഇതുവരെ 19,344 കോടി രൂപയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.