4 May 2024

ഓപ്പണ്‍ എഐ: ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര

വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു പ്രഗ്യ. 2018 ലെ വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തയ്ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത് ഇവരാണ്.

ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ആദ്യമായാണ് ചാറ്റ്ജിപിടിയുടെ സൃഷ്ടാവായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ജീവനക്കാരിയായി ഒരാളെ നിയമിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാര്‍ട്‌നര്‍ഷിപ്പ് മേധാവിയായാണ് പ്രഗ്യ മിശ്രയെ നിയമിച്ചത്.

ഇനി മുതല്‍ ഓപ്പണ്‍ എഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രഗ്യയാകുമെന്ന് കമ്പനി അറിയിച്ചു. മുമ്പ് ട്രൂകോളറിന്റെ പബ്ലിക് അഫയേഴ്സ് ഡയറക്ടറായിരുന്നു പ്രഗ്യ. ഇക്കാലയളവില്‍ വിവിധ മന്ത്രാലയങ്ങള്‍, നിക്ഷേപകര്‍, മാധ്യമ പങ്കാളികള്‍ എന്നിവരുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രഗ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ട്രൂകോളറിന് മുമ്പ് മെറ്റ പ്ലാറ്റ്ഫോംസില്‍ മൂന്ന് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.

വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി കൂടിയായിരുന്നു പ്രഗ്യ. 2018 ലെ വാട്‌സ്ആപ്പിലെ വ്യാജ വാര്‍ത്തയ്ക്കെതിരായ ബോധവല്‍കരണത്തിന് നേതൃത്വം നല്‍കിയത് ഇവരാണ്. പ്രഗ്യാന്‍ പോഡ്കാസ്റ്റ് എന്ന മെഡിറ്റേഷന്‍ പോഡ്കാസ്റ്റ് ഇവരുടെതാണ്. 2012ലാണ് ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ കരസ്ഥമാക്കിയത്. ദില്ലി സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ബാര്‍ഗെയിനിങ് ആന്റ് നെഗോഷ്യേഷന്‍സില്‍ ഡിപ്ലോമയും നേടി.

അടുത്തിടെയായി ഓപ്പണ്‍എഐ ഏറെ ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരാളുടെ ശബ്ദം പുനര്‍നിര്‍മ്മിക്കാനാവുന്ന സാങ്കേതിക വിദ്യ ഓപ്പണ്‍ എഐ അവതരിപ്പിച്ചിരുന്നു. ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമായാണ് നിലവില്‍ ‘വോയ്സ് എഞ്ചിന്‍’ എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ ലഭ്യമാക്കിയിട്ടുള്ളത്. വെറും 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരാളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം നിര്‍മിച്ചെടുക്കാന്‍ സാധിക്കുമെന്നതാണ് വോയ്സ് എഞ്ചിനിന്റെ പ്രത്യേകത.

15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വോയ്സ് ക്ലിപ്പും ഒരു പാരഗ്രാഫ് കുറിപ്പും അപ് ലോഡ് ചെയ്താല്‍ അതേ ശബ്ദത്തില്‍ വോയിസ് എഞ്ചിന്‍ ആ കുറിപ്പ് വായിക്കും. ഭാഷയേതാണ് എന്നതൊന്നും പ്രശ്‌നമുള്ള കാര്യമേയല്ല. ഇപ്പോള്‍ വോയിസ് എഞ്ചിന്‍ പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News