ഒറ്റ നിമിഷം കൊണ്ട് ചായ തയ്യാറാക്കാൻ സഹായിക്കുന്ന ടീ ബാഗുകളുടെ ഉപയോഗം ആരോഗ്യത്തിന് പ്രതികൂലമാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ബാഴ്‌സലോണയിലെ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തിൽ ടീ ബാഗുകൾ ചൂടുവെള്ളത്തിൽ ഇട്ടാൽ നാനോ പ്ലാസ്റ്റിക്കും മൈക്രോ പ്ലാസ്റ്റിക്കും അടങ്ങിയ കണങ്ങൾ പുറത്തുവിടുന്നുവെന്നും, അവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം ആശങ്കാജനകം
ടീ ബാഗുകളുടെ പുറംപാളികൾ നിർമിക്കുന്നതിന് നൈലോൺ-6, പോളിപ്രൊഫൈലിന്‍, സെല്ലുലോസ് പോലുള്ള പോളിമറുകൾ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചൂടുവെള്ളത്തിൽ ഇത് മിക്കതും പിളർന്ന് ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് കണങ്ങൾ ചായയിൽ കലരുന്നു. ഒരു മില്ലിലിറ്റർ ചായയ്ക്ക് 1.2 ബില്യൺ കണികകൾ വരെ പോളിപ്രൊഫൈലിന്‍ പുറപ്പെടുവിക്കുമ്പോൾ, നൈലോൺ 8.18 ദശലക്ഷം കണികകൾ പുറത്തുവിടുന്നു. സെല്ലുലോസിന്റെ സാന്നിധ്യം കുറഞ്ഞതായിട്ടാണെങ്കിലും അപകടം ഒഴിവാക്കാനാവില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യൻ ഭക്ഷണം വഴിയോ ചായ വഴിയോ കഴിക്കുമ്പോൾ, അവ കുടൽകോശങ്ങൾ വഴി രക്തത്തിലേക്ക് പ്രവേശിക്കുകയും ശരീരത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. ഈ കണങ്ങൾ എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കൾ പുറപ്പെടുവിക്കുമ്പോൾ ഹോർമോണുകൾ ബാധിക്കപ്പെടുകയും ക്യാൻസർ സാധ്യത വർധിക്കുകയും ചെയ്യുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. കൂടാതെ, ഈ പ്ലാസ്റ്റിക് കണങ്ങൾ ജനിതക വസ്തുക്കളുമായി ഇടപെടുന്നത് മുൻനിര വിഷപദാർത്ഥമായി ഗവേഷകർ വിലയിരുത്തുന്നു.
ഗവേഷണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യകൾ ഒരു ചായകപ്പ് പോലെയുള്ള ദൈനംദിന ഉപഭോഗ സാധനങ്ങളിൽ ഈ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം പരിശോധിക്കാൻ കഴിഞ്ഞതായാണ് പഠനം പ്രസ്താവിക്കുന്നത്. ചൂടുവെള്ളത്തിലേക്കുള്ള ചായ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള ഉപയോഗം ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നതായാണ് പഠനത്തിൽ നിന്ന് വ്യക്തമായത്. എളുപ്പത്തിനായി ഉപയോഗിക്കുന്ന ടീ ബാഗുകൾ ഹാനികരമാകുന്ന സാഹചര്യത്തിൽ, പാരമ്പര്യ രീതിയിൽ തയാറാക്കുന്ന ചായ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ ഈ പഠനം മറ്റൊരു തവണ ചൂണ്ടിക്കാണിക്കുന്നു.