...
Home News Kerala തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ, ബിജെപി സ്ഥാനാർഥികളായി ഇറക്കുന്നത് പ്രമുഖരെ

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ, ബിജെപി സ്ഥാനാർഥികളായി ഇറക്കുന്നത് പ്രമുഖരെ

ആദ്യഘട്ട പട്ടികയിൽ 67 വാർഡുകളിലെ സ്ഥാനാർഥികളെ ആണ് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്

311

തിരുവനന്തപുരം കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌ത മംഗലത്ത് മത്സരിക്കും. കോൺഗ്രസ് വിട്ടു വന്ന പത്മിനി തോമസ് പാളയത്താണ് മത്സരിക്കുക.

വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും തമ്പാനൂരിൽ സതീഷും മത്സരിക്കും. ആദ്യ കൗൺസിലർമാരിൽ ഒരാളായ പി. അശോക് കുമാർ പേട്ടയിലും, കരുമത്ത് ആശാനാഥ്, അമ്പലത്തറയിൽ സിമി ജ്യോതിഷ്, തിരുമലയിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും ആയിരിക്കും ബിജെപി സ്ഥാനാർഥികൾ.

ആദ്യഘട്ട പട്ടികയിൽ 67 വാർഡുകളിലെ സ്ഥാനാർഥികളെ ആണ് ഞായറാഴ്‌ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. “നമുക്ക് വേണം വികസിത അനന്തപുരി… മാറാത്തത് ഇനി മാറും” -എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് ഇത്തവണ ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ നേരിടാനെത്തുന്നത്.

അതേസമയം, ശബരീനാഥ് മത്സരിക്കുന്ന കവടിയാറിൽ ബിജെപി സ്ഥാനാർഥി ആരെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കവടിയാറിൽ വിവി രാജേഷിനെ സ്ഥാനാർഥി ആക്കണമെന്നായിരുന്നു വാർഡ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഏതെങ്കിലും വാർഡുകൾ പരിഗണിക്കണമെന്ന് വിവി രാജേഷ് നിർദേശം മുന്നോട്ടു വെക്കുകയായിരുന്നു.

കവടിയാറിന് അമിത പ്രാധാന്യം നൽകേണ്ടെന്ന സിപിഐഎം ലൈനിൻ്റെ ചുവടു പിടിച്ചു നിൽക്കുകയാണ് നിലവിൽ ബിജെപിയും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അട്ടിമറി ജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുള്ളത്.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.